ഓൺലൈൻ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് ബഹ്റൈനിൽ അഞ്ച് വർഷം തടവും നാടുകടത്തലും; അപ്പീൽ കോടതി വിധി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിലൂടെ പന്ത്രണ്ടായിരത്തിലധികം ബഹ്‌റൈൻ ദിനാർ (BD 12,000) തട്ടിയെടുത്ത കേസിൽ പ്രതിയുടെ അഞ്ച് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തടവുശിക്ഷയ്ക്ക് പുറമെ 10,000 ദിനാർ പിഴയും, മറ്റൊരു കുറ്റത്തിന് ഒരു മാസത്തെ അധിക തടവും കോടതി വിധിച്ചു. തട്ടിപ്പിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്.

അമ്പതുകളിലുള്ള ഒരു സ്വദേശി പൗരനെ വ്യാജ ഓൺലൈൻ റിവാർഡ്‌സ് - കംപ്ലയിന്റ്‌സ് നടപടിക്രമങ്ങളിലൂടെ കബളിപ്പിച്ചാണ് പ്രതിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഇരയായ വ്യക്തിയുടെ ബാങ്ക് കാർഡ് വിവരങ്ങൾ വ്യാജ ലിങ്കിലൂടെ കൈക്കലാക്കിയ പ്രതികൾ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുകയും 12,756 ദിനാർ തട്ടിയെടുക്കുകയുമായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

തട്ടിപ്പ് നടന്ന ദിവസം തന്നെ ഇരയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്കിംഗ് ആപ്ലിക്കേഷൻ പ്രതി സജീവമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് ആറ് വ്യത്യസ്ത ഇടപാടുകളിലൂടെ 10,000 ദിനാർ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം ക്രെഡിറ്റ് കാർഡുകൾ വഴി ചിലവഴിച്ചതായും മറ്റൊരു ഭാഗം ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ഇടപാട് രേഖകളും ഫോൺ സന്ദേശങ്ങളും ഉൾപ്പെടെ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന ശക്തമായ സാങ്കേതിക-സാമ്പത്തിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

article-image

cbcvb

You might also like

  • Lulu Exchange
  • Straight Forward

Most Viewed