സഹോദരിയുടെ പ്രസ്താവന തള്ളി റൊണാൾഡോ; വിരമിക്കൽ തീരുമാനം ലോകകപ്പിന് ശേഷം മാത്രം


ശാരിക l കായികം

ന്യൂയോർക്ക്: 2026 ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സഹോദരി കാറ്റിയ അവെയ്റോയുടെ പ്രസ്താവനകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തള്ളിക്കളഞ്ഞു. പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോയുടെ സഹോദരിയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കാറ്റിയ ഇത്തരമൊരു പ്രതികരണം നടത്തിയത്.

എന്നാൽ ക്രൊയേഷ്യക്കെതിരായ ആ നിർണായക മത്സരം ജയിച്ചതിന് പിന്നാലെ റൊണാൾഡോ തന്നെ സഹോദരിയെ തള്ളി രംഗത്തെത്തുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പോർച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സഹോദരി കാറ്റിയ ആവീരോ നടത്തിയ പ്രസ്താവനകളെ പൂർണ്ണമായും തള്ളിയ താരം വിരമിക്കൽ തീരുമാനം ഇപ്പോൾ പ്രധാനമല്ലെന്നും ടൂർണമെന്റിലെ ജയപരാജയങ്ങൾക്ക് ശേഷം കുടുംബവുമായി സംസാരിച്ച് ഏറ്റവും ഉചിതമായ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.

വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി താൻ ഇപ്പോൾ അവസാനിപ്പിച്ചുവെന്നും എല്ലാം ശാന്തമായാണ് തീരുമാനിക്കുന്നതെന്നും 41-കാരനായ റൊണാൾഡോ പറഞ്ഞു. നിലവിൽ ദേശീയ ടീമിനെ സഹായിക്കുന്നതിനും കളി ആസ്വദിക്കുന്നതിനുമാണ് താൻ കൂടുതൽ മുൻഗണന നൽകുന്നത്. ക്രൊയേഷ്യക്കെതിരായ ആ നിർണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ നേടിയിരുന്നു. ആ മത്സരത്തിൽ പോർച്ചുഗൽ 2-1ന് വിജയിക്കുകയും ചെയ്തു. ഈ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ട ഗോളുകൾ ഉൾപ്പെടെ റൊണാൾഡോ ഇതുവരെ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.

പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ സ്വന്തമാക്കിയത്. 2016-ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇനി ലോകകപ്പ് കിരീടം മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് കരിയറിൽ സ്വന്തമാക്കാനുള്ളത്.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed