ഗുജറാത്തിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; 8 ജയ്ഷ് ഭീകരർ പിടിയിൽ
ഷീബ വിജയൻ
അതിർത്തി സംസ്ഥാനമായ ഗുജറാത്തിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ച എട്ട് ജയ്ഷ്-ഇ-മുഹമ്മദ് (JeM) ഭീകരരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഏഴ് പേർ ഗുജറാത്തിൽ നിന്നുള്ളവരും ഒരാൾ മധ്യപ്രദേശിൽ നിന്നുള്ളയാളുമാണ്. ജയ്ഷ്-ഇ-മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകത്തിന്റെ ഗുജറാത്തി പരിഭാഷ ഇവരിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനയുടെ ശൃംഖല ഗുജറാത്തിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 'ദാറുൾ ഇസ്ലാം ഗുജറാത്ത് ജയ്ഷ്-ഇ-മുഹമ്മദ്' എന്ന പേരിൽ ഇവർ പുതിയൊരു സംഘടന രൂപീകരിച്ചിരുന്നു.
അബ്ദുള്ള ഗാജിവാല (19), മുദാസിർ അബ്ദുള്ള ഗാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസൈൻ ഗാഗ (30), സക്കറിയ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (21), മുഫ്തി ഫൗസാൻ ഇസ്മായിൽ ദൗവ (40), മുഹമ്മദ് അമീൻ ഷേര (21), മുഹമ്മദ് അബ്ദുൾ റഹ്മാൻ സാവ്ദി (22), ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (18) എന്നിവരാണ് പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയിൽ വിട്ടു. ഗുജറാത്തിലെ നവസാരി, മെഹ്സാന, പത്താൻ, ബനസ്കന്ത എന്നീ ജില്ലകളിലും മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുമായി അഞ്ച് പ്രത്യേക എടിഎസ് സംഘങ്ങൾ ഒരേസമയം നടത്തിയ പരിശോധനയിലാണ് ഭീകരർ വലയിലായത്. തങ്ങളുടെ പ്രദേശത്തുള്ള യുവാക്കളെ ജയ്ഷ്-ഇ-മുഹമ്മദിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചിരുന്നതായും പാക് ഭീകരരായ മുഹമ്മദ് ഉമർ, അബ്ദുള്ള എന്നിവരുമായി ഇവർ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.

