ഡിജിറ്റൽ വിപ്ലവവുമായി ബഹ്‌റൈൻ: ആറ് മാസത്തിനിടെ 93 സർക്കാർ സേവനങ്ങൾ പരിഷ്കരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ സർക്കാർ സേവനങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ആശ്വാസമേകി, വിവിധ 18 സർക്കാർ സ്ഥാപനങ്ങളിലായി 93 സേവനങ്ങളാണ് അധികൃതർ ആറ് മാസത്തിൽ താഴെ വരും കാലയളവിനുള്ളിൽ പൂർണ്ണമായി പരിഷ്കരിച്ചത്. നടപടിക്രമങ്ങൾ ലളിതമാക്കിയതിലൂടെ നീണ്ട കാത്തിരിപ്പും സങ്കീർണ്ണമായ പേപ്പർവർക്കുകളും ഗണ്യമായി കുറയ്ക്കാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിച്ചു.
ഈ വർഷം ജനുവരി 15 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്. പൊതുസേവനങ്ങൾ ആധുനികരിക്കുക, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, പൗരന്മാർക്കും പ്രവാസികൾക്കും മികച്ച സേവനാനുഭവം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബഹ്‌റൈൻ സർക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
പുതിയ പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുത്ത 93 സേവനങ്ങളും പൂർണ്ണമായും ഡിജിറ്റൽ വൽക്കരിച്ചു. ഇതിലൂടെ 100 ശതമാനം ഇലക്ട്രോണിക് പരിവർത്തനം കൈവരിക്കാനും പേപ്പർ അധിഷ്ഠിത അപേക്ഷകൾ പൂർണ്ണമായി ഒഴിവാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം കുറഞ്ഞത് 25 ശതമാനമായി കുറച്ചു. കൂടാതെ, അപേക്ഷാ നടപടികൾ പരമാവധി നാല് ഘട്ടങ്ങളായി ചുരുക്കുകയും ചെയ്തു. ആവശ്യമായ അനുബന്ധ രേഖകളുടെ എണ്ണം പകുതിയായി കുറച്ചതിനൊപ്പം, ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ സന്ദർശിക്കേണ്ട വെബ് പേജുകളുടെ എണ്ണത്തിലും 50 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
നിരവധി പ്രമുഖ സർക്കാർ സേവനങ്ങൾക്ക് ഈ പരിഷ്കാരം ഉടനടി ഫലം ചെയ്തു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) വിരമിച്ചവർക്കും മറ്റ് ഗുണഭോക്താക്കൾക്കുമുള്ള പെൻഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സമയം ഗണ്യമായി കുറച്ചു. പുതിയ വാട്ടർ കണക്ഷൻ അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് അനുമതി നൽകാൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിക്കും സാധിക്കുന്നുണ്ട്.
കൂടാതെ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) റിക്രൂട്ട്‌മെന്റ് ഏജൻസി ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ അപേക്ഷകൾ കൂടുതൽ വേഗതയുള്ളതായി മാറി. ഭവന-നഗരാസൂത്രണ മന്ത്രാലയം അവതരിപ്പിച്ച 'ഇലക്ട്രോണിക് കീ 2.0' സംവിധാനത്തിലൂടെ പുതിയതായി അനുവദിച്ച ഭവന യൂണിറ്റുകളിലേക്ക് വൈദ്യുതി, ജല സേവനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള ഔദ്യോഗിക സർക്കാർ കത്തുകൾ ഇനി മുതൽ ഓൺലൈനായി തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
സർക്കാർ പ്രവർത്തനങ്ങൾ ആധുനികരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഡിജിറ്റൽ ഇന്നൊവേഷനിലൂടെ ജനങ്ങൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാനുമുള്ള ബഹ്‌റൈന്റെ തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ മാറ്റങ്ങളെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
sdfsdf

