'അമ്മ'യിൽ തർക്കം രൂക്ഷം; ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി നടിമാർ
ഷീബ വിജയൻ
താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി നടിമാരായ അൻസിബ ഹസനും ഉഷ ഹസീനയും രംഗത്തെത്തി. നേതൃനിരയിലേക്ക് സ്ത്രീകൾ വരണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാൽ കഴിഞ്ഞ ഭരണസമിതി തങ്ങളെ അപമാനിക്കുകയാണുണ്ടായതെന്നും ഉഷ ഹസീന കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും, പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷാണ് നടന്നതെന്നും അവർ ആരോപിച്ചു. താൻ ഉന്നയിച്ച പരാതികൾ ഭരണസമിതി അവഗണിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തതെന്ന് അൻസിബ വ്യക്തമാക്കി. നടി ലക്ഷ്മി പ്രിയ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇതിനെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. കേരളത്തെ വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വലിയ അനീതിയാണ് അരങ്ങേറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കലാകാരന്മാർക്കിടയിൽ വർഗീയതയും ധ്രുവീകരണവും സൃഷ്ടിക്കുന്നവരാകരുത് 'അമ്മ'യെ നയിക്കേണ്ടതെന്ന് നടി മാലാ പാർവതി പ്രതികരിച്ചു. നാളെ വരാനിരിക്കുന്ന ഒരു 'കേരള സ്റ്റോറി'യുടെ തിരക്കഥയാണ് ഇവിടെ ഒരുങ്ങുന്നതെന്നും, അതുകൊണ്ടാണ് താൻ അതിനെ ശക്തമായി എതിർക്കുന്നതെന്നും അവർ വ്യക്തമാക്കി. തട്ടമിടാത്ത, അമ്പലത്തിൽ പോകുന്ന ഒരു മലപ്പുറംകാരിയായ മുസ്ലീം പെൺകുട്ടി മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള കഥ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇത് നോർത്ത് ഇന്ത്യയിൽ മാത്രമേ ചിലവാകൂ എന്നും അവർ തുറന്നടിച്ചു. ധ്യാൻ ശ്രീനിവാസനെപ്പോലുള്ള ചെറുപ്പക്കാർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംഘടനയുടെ തലപ്പത്ത് വരണമെന്നും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ സംഘടനയുടെ രക്ഷാധികാരികളായി മാറണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. ശ്വേത മേനോൻ നേതൃത്വത്തിൽ വരരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മാലാ പാർവതി വ്യക്തമാക്കി.
eterererrew

