ഫ്ളോറിഡയിൽ പുതിയ ഓഫീസ് തുറന്ന് ട്രംപ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോബൈഡൻ ചുമതലയേറ്റതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി ഡൊണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് ട്രംപിന്റെ നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഫ്ളോറിഡയിൽ പുതിയ ഓഫീസ് തുറന്നു.
സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടിയാണ് പുതിയ ഓഫീസ്. ട്രംപിന്റെ പരിപാടികൾ സംബന്ധിച്ച പ്രസ്താവനകൾ, അറിയിപ്പുകൾ, ഔദ്യോഗിക പ്രവർത്തനങ്ങൾ തുടങ്ങിയവ ഏകോപിപ്പിക്കുന്നത് പുതിയ ഓഫീസ് ആയിരിക്കും. യുഎസ് താത്പര്യങ്ങൾക്ക് അനുസരിച്ചാകും ഓഫീസ് പ്രവർത്തിക്കുക എന്ന് ഇത് സംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ബൈഡൻ അധികാരമേറ്റതിന് പിന്നാലെ ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞിരുന്നു. ഇതിന് ഒരാഴ്ച തികയും മുൻപാണ് ഫ്ളോറിഡയിൽ പുതിയ ഓഫീസ് തുറന്ന് രാഷ്ട്രീയ നീക്കം ശക്തമാക്കാൻ പോകുന്നത്. താൻ തിരിച്ചു വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.