പി.വി അൻവർ എം.എൽ.എയെ കാണാനില്ലെന് യൂത്ത് കോൺഗ്രസ്

മലപ്പുറം: നിലന്പൂർ എം.എൽ.എ പി.വി അൻവറിനെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഒരു മാസത്തിലധികമായി എംഎൽഎയെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് പരാതിയിൽ പറയുന്നു.
എം.എൽ.എയെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലന്പൂർ മുൻസിപ്പൽ പ്രസിഡന്റെ മൂർഖൻ ഷംസുദ്ദീനാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി സ്വീകരിക്കാൻ നിലന്പൂർ പൊലീസ് തയാറാകാത്തതിനാൽ ഇ−മെയിലായാണ് പരാതി നൽകിയത്. നിയമസഭാ സമ്മേളനത്തിലും എം.എൽ.എ പങ്കെടുത്തില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
നിലന്പൂർ സി.എൻ.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാൻ എം.എൽ.എ ഓഫീസിലെത്തിയപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും വീട്ടിലോ തിരുവനന്തപുരത്തെ എംഎൽഎ ക്വാർട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.