ജയിംസ് ബോണ്ട് നായകൻ ഷോൺ കോണറി അന്തരിച്ചു
ലണ്ടൻ: സ്കോട്ടിഷ് നടനും ഓസ്കാർ ജേതാവുമായ സർ തോമസ് ഷോൺ കോണറി (90) അന്തരിച്ചു. ജയിംസ് ബോണ്ട് സിനിമകളിലെ ആദ്യകാല നായകൻ എന്ന നിലയിലാണ് കോണറിയുടെ ആഗോള പ്രശസ്തി. ബഹമാസിലുള്ള അദ്ദേഹം ഉറക്കത്തിലാണ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമിത്തിലായിരുന്നു. 1962-1983 കാലയളവിൽ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി. 1987-ൽ പുറത്തിറങ്ങിയ ദ് അൺടച്ചബ്ൾസിലൂടെ മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം നേടി. ഇതുൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് കോണറിയെ തേടിയെത്തിയത്.
രണ്ട് ബാഫ്ത പുരസ്കാരങ്ങൾ, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ എന്നിവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്‍റ് എക്സ്പ്രസ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.



