നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിലേക്ക്; ഒക്ടോബറിൽ വോട്ടെടുപ്പ്
ഷീബ വിജയൻ
തെൽ അവീവ്: ഇസ്രായേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിനാലാണ് ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 1988-ന് ശേഷം ആദ്യമായാണ് ഇസ്രായേലിൽ ഒരു സർക്കാർ തങ്ങളുടെ കാലാവധി പൂർത്തിയാക്കി കൃത്യസമയത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അധികാരം നിലനിർത്താൻ സാധിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി വലിയ രാഷ്ട്രീയ അസ്ഥിരതകളിലൂടെയാണ് നെതന്യാഹു സർക്കാർ കടന്നുപോയത്. 2022-ൽ അധികാരത്തിലേറിയത് മുതൽ തീവ്രവലതുപക്ഷ നയങ്ങളുടെ പേരിൽ വലിയ ആഭ്യന്തര പ്രതിഷേധങ്ങളാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിലുപരി 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം നെതന്യാഹുവിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചു. ഇസ്രായേലിന്റെ ‘സുരക്ഷാ കാവൽക്കാരൻ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന നെതന്യാഹുവിന് ഈ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്തത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് അമേരിക്കയുമായുള്ള ബന്ധത്തിലും നെതന്യാഹു സർക്കാർ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഗസ്സയിലെയും ലബനാനിലെയും വെടിനിർത്തൽ കരാറുകളിലെ അനിശ്ചിതത്വവും, വിവിധ രാജ്യങ്ങൾ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചതുമെല്ലാം നെതന്യാഹുവിനേറ്റ തിരിച്ചടികളാണ്. അഴിമതിക്കേസുകൾ വേട്ടയാടുന്ന നെതന്യാഹുവിന് ഈ വരുന്ന പൊതുതെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ പരീക്ഷണമായിരിക്കും.
ewferfse

