ഐപിഎൽ - സൺ റൈസേർസ് ഹൈദരാബാദിന് വിജയം
ഷാർജ
ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ചു വിക്കറ്റുകൾക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചു. 121 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറിൽ ലക്ഷ്യത്തിലെത്തി. അനായാസജയം പ്രതീക്ഷിച്ചിറങ്ങിയ ഹൈദരാബാദിനു വിജയത്തിലേക്കുള്ള വഴി അത്ര അനായാസമായിരുന്നില്ല. കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി ബാംഗ്ലൂർ ഹൈദരാബാദിനെ ബുദ്ധിമുട്ടിച്ചു. വൃദ്ധിമാൻ സാഹ (32 പന്തിൽ 39), മനീഷ് പാണ്ഡെ (19 പന്തിൽ 26) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പിന്നാലെയെത്തിവർക്ക് കാര്യമായ സംഭാവനകൾ നൽകാനുമായില്ല. അവസാനം ജേസൺ ഹോൾഡറുടെ (10 പന്തിൽ 26 നോട്ടൗട്ട്) പ്രകടനമാണ് ഹൈദരാബാദിന് ജയം നൽകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ ഏഴു വിക്കറ്റിന് 120 റണ്‍സ് എടുത്തു.
നിർണായകമത്സരത്തിൽ അവസരത്തിനൊത്ത് ഉയർന്ന ഹൈദരാബാദ് ബൗളിംഗ് നിരയാണ ബാംഗ്ലൂരിനെ തകർത്തത്. 28 റൺസ് എടുത്തപ്പോൾ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലൂരിന് തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറാനായില്ല. ഹൈദരാബാദിനായി സന്ദീപ് ശർമ, ജേസൺ ഹോൾഡർ എന്നിവർ രണ്ടു വിക്കറ്റ് വീതവും റഷീദ് ഖാൻ, ടി. നടരാജൻ, നദീം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



