ട്രംപിനും നെതന്യാഹുവിനും മു മുന്നറിയിപ്പുമായി മുജ്തബ ഖമേനി; ശത്രുക്കളുടെ പട്ടിക തയാറെന്ന് ഇറാൻ പരമോന്നത നേതാവ്
ശാരിക
ടെഹ്റാൻ: ട്രംപിനും നെതന്യാഹുവിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. തങ്ങളുടെ മുതിർന്ന നേതാക്കളെ വധിച്ച ശത്രുക്കളെ വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യാനായി ഓരോ ശത്രുവിന്റെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മുജ്തബ ഖമനെയി പറഞ്ഞു.
താൻ ഉൾപ്പെടെയുള്ള നിലവിലെ ഭരണനേതൃത്വം ഇല്ലാതായാൽ പോലും ഈ പ്രതികാര ദൗത്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്ടമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി മുജ്തബ ഖമേനി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നേതാക്കളെ വധിക്കാൻ നേതൃത്വം നൽകിയ കൊലയാളികളുടെ കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും, ആഗോളതലത്തിൽ തങ്ങളെ പിന്തുണയ്ക്കുന്നവർ ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മുജ്തബയുടെ ഭീഷണി പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ഭരണനേതൃത്വത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മുജ്തബ ഖമേനിയുടെ പ്രധാന സാമ്പത്തിക ഇടപാടുകാരനായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക സാമ്പത്തിക വിലക്ക് ഏർപെടുത്തിയത്. ഒരിടവേളയ്ക്കുശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും കടുക്കുന്ന സാഹചര്യത്തിലാണ് വാക്പോരും രൂക്ഷമാകുന്നത്.
fsfsd

