കോവിഡ് 19: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകജനതയ്ക്ക് ഭീഷണിയായി ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏർപ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുന്പോൾ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.
ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവൻ ഡോ. ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. ദശാബ്ദങ്ങളോളം ജനങ്ങൾ കോവിഡിന്‍റെ പരിണിതഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

