കോവിഡിന്‍റെ രണ്ടാം വരവ്; ദക്ഷിണ കൊറിയയില്‍ അതീവ ജാഗ്രത
സിയൂൾ: ദക്ഷിണ കൊറിയയില്‍ കോവിഡിന്‍റെ രണ്ടാം വരവ് സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ സിയൂൾ കേന്ദ്രീകരിച്ച് പുതിയ അണുബാധയുടെ തുടക്കമുണ്ടായിയെന്നാണ് കണ്ടെത്തൽ. സിയൂളിൽ അടുത്ത മൂന്നു ദിവസങ്ങളിൽ പ്രതിദിനം മുപ്പതിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കിൽ സാമൂഹിക അകലം വീണ്ടും ഏർപ്പെടുത്തുമെന്ന് മേയർ പാർക് വോൻ സൂൻ അറിയിച്ചു.
രോഗവ്യാപന തോത് 1:8 എന്ന നിലയിലാണെന്നും ഒരുമാസത്തിനകം ദിവസം 800 രോഗികൾ വീതമായേക്കുമെന്നും മേയർ മുന്നറിയിപ്പു നൽകി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന സിയൂളിലാണ് പുതിയ രോഗികളേറെയും. ജനങ്ങള്‍ സ്വയം സന്നദ്ധരായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് അധികൃതർ ആഗ്രഹിക്കുന്നത്. കോവിഡിന്‍റെ വ്യാപനത്തെ വിജയകരമായി മറികടന്ന രാജ്യമായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ. വന്‍തോതിലുള്ള വ്യാപനം കുറയുകയും അത് വളരെ കുറച്ച് കേസുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ലോക് ഡൗൺ ഇളവുകൾക്കു പിന്നാലെ മേയ് ആദ്യം സിയൂളിലെ നിശാക്ലബുകൾ അടക്കം തുറന്നതോടെയാണു രണ്ടാം വ്യാപനം ആരംഭിച്ചത്.
ദക്ഷിണ കൊറിയില്‍ ഇതുവരെ 280 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ആകെ 12,000 ആളുകളിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

