മൂന്ന് പാക് താരങ്ങൾക്ക് ലക്ഷണങ്ങളില്ലാത്ത കൊവിഡ്; പരിശോധിച്ചത് ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി
കറാച്ചി: മൂന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൈദർ അലി, ഹാരിസ് റൗഫ്, ഷദബ് ഖാൻ എന്നിവർക്കാണ് വൈറസ് ബാധിച്ചത്. പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവൽപ്പിണ്ടിയിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പരിശോധനയ്ക്ക് മുന്പ് മൂന്ന് താരങ്ങളും ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്‍റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്‍റി 20കളുമാണ് ടീം ഇംഗ്ലണ്ടിൽ കളിക്കുക. നേരത്തെ, പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

