ഫ്രാൻസിലെ കോവിഡ് മരണ നിരക്കിൽ ഗണ്യമായ കുറവ്


പാരീസ്: ഫ്രാൻസിലെ കോവിഡ് മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 80 പേർ മാത്രമാണ് ശനിയാഴ്ച വൈറസ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്ച 178 ഉം വെള്ളിയാഴ്ച 243 ഉം പേർ മരിച്ചിരുന്നു. ഇതാണ് ശനിയാഴ്ച 80 ആയി കുറഞ്ഞത്. കോവിഡ് ബാധയേത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 

രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നതിനു പിന്നാലെ രാജ്യത്തെ നിയന്ത്രണങ്ങളിൽ ഫ്രാൻസ് ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി പകുതിയോളം സ്കൂളുകൾ തുറക്കുകയും ജനങ്ങൾക്ക് സ്വന്തം വീടുകളിൽ നിന്ന് 100 കിലോമീറ്റർ സഞ്ചരിക്കാനുമുള്ള അനുമതി നൽകിയിരുന്നു.വീട്ടിൽ നിന്ന് 100 കിലോമീറ്റർ യാത്രക്ക് പ്രത്യേക അനുമതി വേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിൽ ഇതുവരെ 1,76,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26,310 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 56,038 പേർക്ക് മാത്രമാണ് ഇവിടെ രോഗമുക്തി നേടാനായത്.
ആഗോള കണക്കുകൾ പ്രകാരം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് ഫ്രാൻസെന്ന് ജോണ്‍സ് ഹോപ്കിൻസ് കണക്കുകൾ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed