റഷ്യയിൽ യാ­ത്രാ­വി­മാ­നം തകർ­ന്ന് 71 പേർ മരി­ച്ചു­


മോസ്്ക്കോ : റഷ്യയിൽ യാത്രാവിമാനം തകർന്നുവീണ് 71 പേർ മരിച്ചു. 65 യാത്രക്കാരും പൈലറ്റ് അടക്കം ആറ് ജീവനക്കാരുമാണ് മരിച്ചത്. കസാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഉരൽസിലെ ഒാർസ്ക് സിറ്റിയിലേക്കു പുറപ്പെട്ട സരതോവ് എയർലൈൻസിന്‍റെ ആന്‍റോനോവ് എ.എൻ 148 വിമാനമാണ് അപകടത്തിൽപെട്ടത്. കാലാവസ്ഥാവ്യതിയാനമാകാം ദുരന്തകാരണമെന്നു റഷ്യൻ ഗതാഗതമന്ത്രാലയം അറിയിച്ചു.

മോസ്കോയിലെ ദോമോദെദോവോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം രണ്ട് മിനിറ്റിനുശേഷം റഡാർ പരിധിയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തീപിടിച്ചു വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി അർഗുനോവ് ഗ്രാമവാസികൾ പറഞ്ഞു. വിമാനം തകർന്നുവീണ പ്രദേശത്തേക്കു ഗതാഗത സൗകര്യമില്ലാത്തതിനാൽ ഏറെ വൈകിയാണു രക്ഷാപ്രവർത്തകർ എത്തിയത്. 

മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകർന്നുവീണത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നൂറ്റി അന്പതിലേറെ രക്ഷാപ്രവർത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഞ്ഞ് കാരണം റോഡുമാർഗം ഇവിടേക്ക് എത്താൻ സാധിച്ചിട്ടില്ല. ഏതാനും നാളുകളായി റഷ്യയിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. വിമാനാപകടത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. 

സംഭവത്തിൽ വിമാനക്കന്പനിക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്തെ തപാൽ സേവനമായ റഷ്യൻ പോസ്റ്റിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്. വിമാനം തകർന്നു കിടക്കുന്നിടത്ത് റഷ്യൻ പോസ്റ്റിന്റെ അവശിഷ്ടങ്ങൾ കണ്ടതായും ചില മാധ്യമങ്ങൾ ട്വിറ്ററിൽ വ്യക്തമാക്കി.

ഏഴുവർഷം പഴക്കമുള്ള വിമാനം റഷ്യയിലെ ആഭ്യന്തര വിമാനക്കന്പനിയിൽ നിന്ന് സരതോവ് എയർലൈൻസ് വാങ്ങുകയായിരുന്നു. 1930ൽ സ്ഥാപിച്ച സരതോവ് എയർലൈൻസിന്‍റെ വിമാനങ്ങൾ റഷ്യയുടെ 30 പട്ടണങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed