രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി : ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു
ലണ്ടൻ : രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിനടുത്തുള്ള തെയിംസ് നദിക്കരികിൽ ജോർജ്ജ് വി ഡോക്കിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്.
ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയൽ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 234 അടി അകലത്തുള്ള ജനങ്ങളെ പോലീസ് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിമാനത്താവളവും അടച്ചിട്ടത്. 17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങോട്ടേക്കുള്ള റോഡുകളും അടച്ചിട്ടിട്ടുണ്ട്.
പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് ബോംബ് നിർവീര്യമാണെന്ന് ഉറപ്പുവരുത്താനാണ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. പ്രാദേശിക വിമാനങ്ങൾ മാത്രമാണ് സിറ്റി വിമാനത്താവളത്തിൽ നിന്നും സേവനം നടത്തുന്നത്.
വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ ബദൽ സംവിധാനങ്ങളെ കുറിച്ച് അറിയാൻ വിമാന കന്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

