ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ സമാധാന ശ്രമങ്ങൾക്ക് തയ്യാറാണെന്ന് ട്രംപ്
വാഷിംഗ്ടൺ : ഇസ്രയേൽ - പലസ്തീൻ വിഷയത്തിൽ സമാധാന ശ്രമങ്ങൾക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേൽ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ഇസ്രയേലിന്റെ അനധികൃത കുടിയേറ്റങ്ങൾ ഇസ്രയേൽ−പലസ്തീൻ സമാധാന ചർച്ചകൾക്ക് തടസം സൃഷ്ടിക്കുന്നതായും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ തലസ്ഥാനമയി ജെറുസലേം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശമെന്നത് ശ്രദ്ധേയമാണ്. ഇസ്രയേൽ−പലസ്തീൻ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കാൻ അമേരിക്ക തയ്യാറാണ്. നിലവിൽ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റം സമാധാന പ്രശ്നങ്ങൾക്ക് തടസം വെക്കുന്നുവയാണ്. ഇത്തരം അധിനിവേശങ്ങൾ സൂക്ഷ്മതയോടെ നോക്കിക്കാണാൻ സർക്കാർ തയ്യാറാകണമെന്നും ട്രംപ് അഭിമുഖത്തിൽ പറയുന്നുണ്ട്.
സമാധാന ശ്രമങ്ങൾക്ക്‍ പലസ്തീനും താൽപ്പര്യം കാണിക്കുന്നില്ലെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. സമാധാന ശ്രമങ്ങൾക്ക് മധ്യസ്ഥനാകുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കലും അതിനുള്ള ഫോർമുലകളൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങളോട് അനുഭാവം പുലർത്തില്ലെന്ന് പലസ്തീനും വ്യക്തമാക്കിയിരുന്നു.

