നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ സഖ്യം; ഭരണം പിടിക്കാൻ ഐസൻകോട്ട്
ഷീബ വിജയൻ
തെൽഅവീവ്: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരണത്തിനായി 'യശർ' പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന് പിന്തുണ നൽകാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഐസൻകോട്ടിന്റെ പേര് നിർദേശിക്കാനാണ് പാർട്ടികളുടെ നീക്കം. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് 8 സീറ്റുകൾ തികയാതെ നെതന്യാഹു വലയുമ്പോൾ, പ്രതിപക്ഷവും അറബ് പാർട്ടികളും ഒന്നിച്ചാൽ ഐസൻകോട്ടിന് 67 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാൻ സാധിക്കും.
യയർ ഗോലന്റെ 'ദി ഡെമോക്രാറ്റ്സ്', മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ 'ടുഗെതർ', അവിഗ്ദോർ ലിബർമാന്റെ 'ഇസ്രായേൽ ബെയ്തെയ്നു' എന്നീ പാർട്ടികൾ ഐസൻകോട്ടിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യൂസഫ് ജബരിന്റെ നേതൃത്വത്തിലുള്ള 'ജോയിന്റ് ലിസ്റ്റ്', മൻസൂർ അബ്ബാസിന്റെ 'യുണൈറ്റഡ് അറബ് ലിസ്റ്റ്' എന്നീ അറബ് പാർട്ടികളും നെതന്യാഹു അധികാരത്തിൽ വരുന്നത് തടയാൻ ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.
എന്നാൽ, നെതന്യാഹുവുമായി ചേർന്ന് ഭരിക്കില്ലെന്ന് വ്യക്തമാക്കിയ അവിഗ്ദോർ ലിബർമാൻ, അധികകാലം നിലനിൽക്കാത്ത ന്യൂനപക്ഷ സർക്കാരിനോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നവംബർ 10-ന് പുതിയ പാർലമെന്റ് ചേരുമ്പോൾ നിലവിലുള്ള സ്പീക്കർ അമീർ ഒഹാനയ്ക്ക് പകരം യയർ ലാപിഡിനെ സ്പീക്കറാക്കാൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ കക്ഷികളുമായുള്ള ചർച്ചകൾ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ച ആരംഭിക്കും. സഖ്യമുണ്ടാക്കാൻ ശേഷിയുള്ള ഏത് നേതാവിനെയും പ്രസിഡന്റിന് ചുമതലപ്പെടുത്താം. ചുമതല ലഭിക്കുന്നയാൾക്ക് സർക്കാർ രൂപീകരിക്കാൻ 28 ദിവസവും ആവശ്യമെങ്കിൽ 14 ദിവസത്തെ അധിക സമയവും ലഭിക്കും. വിജയിച്ചില്ലെങ്കിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും. പ്രതിപക്ഷവും അറബ് പാർട്ടികളും ഇതുവരെ ഔദ്യോഗിക ഭരണസഖ്യത്തിൽ എത്താത്തതിനാൽ ഐസൻകോട്ടിന് ഭരണം പിടിക്കുക എളുപ്പമായിരിക്കില്ല.
dsdsdsaads

