എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരി കൊല്ലപ്പെട്ടു


ശാരിക

കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരു ഇന്ത്യൻ വിനോദസഞ്ചാരി കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപമുള്ള ഫെറിച്ചെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയായിരുന്നു ദുരന്തം.

മരിച്ചത് 47 വയസ്സുള്ള ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബലറ മാദു ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരിൽ ഒരാൾ 53 വയസ്സുള്ള ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് പൗരൻ ശൈലേഷ് കിഷൻ പട്ടേലാണ്.

ഫിഷ്ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകൾ ഒരേ സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററുകൾ വെവ്വേറെ ദിശകളിൽ നിന്നാണ് ലാൻഡിംഗ് ഏരിയയിലേക്ക് എത്തിയിരുന്നതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡെപ്യൂട്ടി വക്താവ് ജ്ഞാനേന്ദ്ര ഭുൽ അറിയിച്ചു. ഇതിൽ ഒരു ഹെലികോപ്റ്റർ ലുക്ലയിൽ നിന്ന് വരികയായിരുന്നെങ്കിൽ മറ്റൊന്ന് എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപമുള്ള ഗോരഖ്പൂരിൽ നിന്ന് മടങ്ങുകയായിരുന്നു.

രണ്ട് കോപ്റ്ററുകളും ഒരേസമയം ഒരേ സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്. കൂട്ടിയിടിയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മഞ്ഞുമൂടിയ ഹെലിപാഡുകൾ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed