പി.എസ്.സി പരീക്ഷാക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും; വഴിത്തിരിവായത് അംഗങ്ങളുടെ നിർണായക മൊഴികൾ
ശാരിക
തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പരീക്ഷാക്രമക്കേടിൽ പ്രതിചേർക്കും. ആസൂത്രണ ബോർഡ് പരീക്ഷയുടെ ചോദ്യം തയ്യാറാക്കുന്ന പാനലിനെ തീരുമാനിക്കുന്നത് മുതൽ ക്രമക്കേടിൽ ബൈജു നേരിട്ട് ഇടപെട്ടതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ സാഹചര്യം മുൻനിർത്തിയാണ് എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ വ്യക്തമായ തെളിവുകളും നിർണായക മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് നിലവിലെ നീക്കങ്ങൾ പുരോഗമിക്കുന്നത്.
ചോദ്യം ചെയ്യലിൽ പി.എസ്.സിയിലെ മൂന്ന് ഉദ്യോഗസ്ഥർ നൽകിയ മൊഴികളാണ് ചെയർമാന് തിരിച്ചടിയായത്. നേരത്തേ ബൈജുവിനെയും മറ്റ് രണ്ട് അംഗങ്ങളെയും നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പരസ്പരവിരുദ്ധമായ മൊഴികളാണ് പുറത്തുവന്നത്. ചെയർമാനെതിരേയാണ് അംഗങ്ങൾ മൊഴി നൽകിയത്. ആസൂത്രണ ബോർഡ് പരീക്ഷയുടെ ചോദ്യാവലി തയ്യാറാക്കാനുള്ള പാനലിനെ തിരഞ്ഞെടുത്തത് ചെയർമാൻ നേരിട്ടായിരുന്നു എന്നാണ് അംഗങ്ങൾ നൽകിയ പ്രധാന മൊഴി. ഇതിന്റെ രേഖകളും നേരത്തേ തന്നെ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
ഇതിനു പുറമേ പരീക്ഷയുടെ മൂല്യനിർണ്ണയം നടത്താനുള്ള ചുമതല ഡെപ്യൂട്ടി സെക്രട്ടറിക്കായിരുന്നു. മൂല്യനിർണ്ണയ വേളയിൽ പത്തോ പന്ത്രണ്ടോ ചോദ്യങ്ങൾ ഒഴിവാക്കിയെന്നും ഇത് ചെയ്തത് ബൈജുവാണെന്നും എല്ലാം കഴിഞ്ഞ ശേഷമാണ് താൻ വിവരം അറിഞ്ഞതെന്നും മറ്റൊരു ഉദ്യോഗസ്ഥനായ ഹരിയും മൊഴി നൽകി. ഈ രേഖകളും തെളിവുകളും മുന്നിൽവെച്ചാണ് ബൈജുവിനെ കേസിലെ പ്രതിയാക്കുന്നത്. അതേസമയം മൊഴി നൽകിയ ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രമാണ് ബൈജുവിന് അനുകൂലമായി സംസാരിച്ചത്.
വ്യാപകമായ ക്രമക്കേട് നടന്നതായുള്ള തെളിവുകളും മൊഴികളും ക്രൈംബ്രാഞ്ചിന് കിട്ടിയ സാഹചര്യത്തിലാണ് ചെയർമാൻ എം.ആർ. ബൈജുവിനെ കേസിൽ പ്രതിചേർക്കാൻ ഒരുങ്ങുന്നത്. പി.എസ്.സി സ്ഥാപിക്കപ്പെട്ടതിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ചെയർമാൻ ഇത്തരം ഒരു കേസിൽ പ്രതിയാക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
dsfsdf

