പ്രപഞ്ചത്തിന്റെ രഹസ്യച്ചുരുൾ അഴിയുന്നു! കോടിക്കണക്കിനു നക്ഷത്രങ്ങളെ കോർത്തടുത്ത അദൃശ്യശക്തി 'ഡാർക്ക് മാറ്റർ' കണ്ടെത്തി


ഷീബ വിജയൻ

പ്രപഞ്ചത്തിന്റെ വലിയൊരു രഹസ്യച്ചുരുൾ അഴിയുന്നതിലേക്ക് ശാസ്ത്രലോകം ഒരു പടികൂടി അടുക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളെയും ഗാലക്സികളെയും തമ്മിൽ വേർപെട്ടുപോകാതെ ചേർത്തുവെക്കുന്ന 'കോസ്മിക് ഗ്ലൂ' എന്നറിയപ്പെടുന്ന അദൃശ്യ പദാർഥമായ 'ഡാർക്ക് മാറ്റർ' (Dark matter) സാന്നിധ്യത്തിന്റെ ആദ്യ വ്യക്തമായ സൂചനകൾ ഗവേഷകർ കണ്ടെത്തി. പ്രപഞ്ചത്തിലെ ആകെയുള്ള ദ്രവ്യത്തിന്റെ 85 ശതമാനത്തോളം വരുന്ന ഈ നിഗൂഢ പദാർഥത്തെ നേരിട്ടു കാണാനോ കൃത്യമായി നിർവചിക്കാനോ ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. എന്നാൽ, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ഉപകരണം വഴി ഡാർക്ക് മാറ്ററിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന അപൂർവമായ പ്രവർത്തനങ്ങൾ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ പാർട്ടിക്ക്ൾ ഫിസിസിസ്റ്റ് സാം എറിക്സണിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജപ്പാനിൽ നടന്ന ശാസ്ത്ര സമ്മേളനത്തിൽ ഈ സുപ്രധാന പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ താഴെ സജ്ജീകരിച്ചിരിക്കുന്ന 'ലക്സ് സെപ്ളിൻ' (LUX-ZEPLIN) എന്ന ഡാർക്ക് മാറ്റർ ഡിറ്റക്ടറാണ് ഈ നിർണായക ഡാറ്റ ശേഖരിച്ചത്. പ്രപഞ്ചത്തിൽ നിന്നുള്ള മറ്റ് ബാഹ്യ വികിരണങ്ങൾ കാരണം തെറ്റായ വിവരങ്ങൾ ലഭിക്കാതിരിക്കാനാണ് ദ്രാവക രൂപത്തിലുള്ള സെനൺ (Liquid Xenon) നിറച്ച ഈ ഭീമാകാരമായ ടാങ്ക് ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്നത്. അപൂർവമായി ഏതെങ്കിലും കണിക ഈ സെനൺ ആറ്റങ്ങളുമായി കൂട്ടിയിടിച്ചാൽ ഉണ്ടാകുന്ന പ്രകാശവും ഇലക്ട്രോണുകളും അളന്നാണ് നിരീക്ഷണം നടത്തുന്നത്.

2023 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയുള്ള ഡാറ്റകൾ വിശകലനം ചെയ്തപ്പോഴാണ് നിലവിലെ ഭൗതികശാസ്ത്ര തത്ത്വങ്ങൾ വെച്ച് വിശദീകരിക്കാൻ കഴിയാത്ത പ്രത്യേക പ്രവർത്തനം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ പ്രവർത്തനം ഉണ്ടാക്കിയത് ഡാർക്ക് മാറ്റർ കണികയാണെങ്കിൽ, അതിന്റെ പിണ്ഡം ഒരു പ്രോട്ടോണിന്റെ പിണ്ഡത്തേക്കാൾ 200 മടങ്ങ് കൂടുതലായിരിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഡാർക്ക് മാറ്റർ പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ അതിനെ നേരിട്ടു നിരീക്ഷിക്കാൻ കഴിയില്ല. പകരം ഗാലക്സികളിലും നക്ഷത്രങ്ങളിലും അവ ചെലുത്തുന്ന ശക്തമായ ഗുരുത്വാകർഷണ പ്രഭാവം പഠിച്ചാണ് ശാസ്ത്രജ്ഞർ ഇതുവരെ ഇതിന്റെ സാന്നിധ്യം മനസ്സിലാക്കിയിരുന്നത്.

എങ്കിലും, ഈ കണ്ടെത്തൽ ഡാർക്ക് മാറ്റർ പൂർണമായും കണ്ടെത്തിയെന്ന അന്തിമ പ്രഖ്യാപനമായി ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. സാധാരണ കണികകളുടെ അപ്രതീക്ഷിത ഇടപെടലുകൾ മൂലം ഇത്തരമൊരു ഡാറ്റ ലഭിക്കാൻ അര ശതമാനം സാധ്യത നിലനിൽക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണം. പൂർണമായ സ്ഥിരീകരണത്തിലെത്താൻ കൂടുതൽ വിവരശേഖരണവും വിശദമായ പരീക്ഷണങ്ങളും ഇനിയും ആവശ്യമാണ്. എന്നിരുന്നാലും, ഭൗതികശാസ്ത്ര ലോകത്ത് വലിയ ആവേശമുണർത്തിയ ഈ കണ്ടെത്തൽ പ്രപഞ്ചോൽപ്പത്തിയുടെയും അതിന്റെ ഘടനയുടെയും രഹസ്യങ്ങൾ മനസ്സിലാക്കുന്നതിൽ വലിയൊരു വഴിത്തിരിവാകുമെന്ന കാര്യത്തിൽ സംശയമില്ല.

article-image

adsddsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed