അദ്ഭുത വിപ്ലവവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ: മനുഷ്യവിസർജ്യത്തിൽ നിന്ന് ഇരട്ടി ബലമുള്ള കോൺക്രീറ്റ്!
ഷീബ വിജയൻ
മനുഷ്യവിസർജ്യം ഉപയോഗിച്ച് സാധാരണ കോൺക്രീറ്റിനേക്കാൾ ഇരട്ടി ബലമുള്ള നിർമാണ സാമഗ്രികൾ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ഭാവിയിലെ നിർമാണമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ഈ നേട്ടത്തിന് പിന്നിൽ ജയ്പൂർ മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അധ്യാപകൻ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്. നിർമാണമേഖല സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതവും മാലിന്യപ്രശ്നങ്ങളും ഒരുപോലെ കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
തെലങ്കാനയിലെ വാരങ്കലുള്ള സംസ്കരണ പ്ലാന്റിൽ നിന്നാണ് ഇതിനാവശ്യമായ അവശിഷ്ടങ്ങൾ ശേഖരിച്ചത്. ഉയർന്ന താപനിലയിൽ കുറഞ്ഞ ഓക്സിജന്റെ സാന്നിധ്യത്തിൽ നടക്കുന്ന പൈറോളിസിസ് പ്രക്രിയയിലൂടെ ഇവ ചൂടാക്കി 'ബയോചർ' നിർമിക്കുകയായിരുന്നു. തുടർന്ന് ഈ ബയോചർ പൊടിച്ച് കോൺക്രീറ്റ് മിശ്രിതത്തിൽ നിശ്ചിത അളവിൽ ചേർക്കുകയാണു ചെയ്തത്.
സിമന്റിന്റെ അളവിൽ 5 മുതൽ 10 ശതമാനം വരെ കുറവു വരുത്തി, പകരം ബയോചർ പൊടി ചേർത്താണ് പരീക്ഷണം നടത്തിയത്. മൂന്നു മാസത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ ഈ പുതിയ മിശ്രിതത്തിന് സാധാരണ കോൺക്രീറ്റിനേക്കാൾ ഉയർന്ന ബലമുണ്ടെന്ന് കണ്ടെത്തി. ബയോചറിലെ സൂക്ഷ്മ സുഷിരങ്ങൾ ജലം ആഗിരണം ചെയ്യുകയും കോൺക്രീറ്റ് കട്ടിയാകുന്ന സമയത്ത് സാവധാനം പുറത്തുവിടുകയും ചെയ്യുന്നതാണ് ബലം വർധിക്കാൻ കാരണം. കൂടാതെ ഇതിലെ സിലിക്കയുടെ സാന്നിധ്യം സിമന്റിലെ രാസവസ്തുക്കളുമായി പ്രവർത്തിച്ച് ഘടനയെ കൂടുതൽ ശക്തമാക്കുന്നു.
സിമന്റ് ഉത്പാദനം മൂലമുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും വിസർജ്യ മാലിന്യങ്ങൾ സുരക്ഷിതമായി പുനരുപയോഗിക്കാനും ഈ പരീക്ഷണം വഴി സാധിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് ലഭ്യമാക്കുന്നതിന് മുന്നോടിയായി കൂടുതൽ പഠനങ്ങൾ തുടരുകയാണ്.
dfdffdfd

