ഇടുക്കിയിൽ നടുക്കുന്ന സംഭവം: ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് പിതാവ് വിഷം കഴിച്ചു


ഷീബ വിജയൻ

ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയി ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.

ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മകൻ ലഹരിക്ക് അടിമയായി സ്ഥിരം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി അയൽക്കാർ പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നതിനാൽ ഭയന്ന മാതാപിതാക്കൾ വീട്ടിൽനിന്നു മാറി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു.

ഇന്ന് അമ്മ വസ്ത്രങ്ങളോ മറ്റോ എടുക്കാൻ വീട്ടിലേക്കു വന്നതോടെ വീണ്ടും ബഹളം തുടങ്ങി. ഇതോടെ അമ്മ ബന്ധുവീട്ടിലേക്കു പോയി. ഇതേസമയം, വീട്ടിലേക്ക് എത്തിയ പിതാവുമായി വീണ്ടും ബഹളമായി. ഇതൊടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.

വീടിനോടു ചേർന്നു ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ചാണ് ജസ്റ്റിന്റെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു. ഇതിനു ശേഷമാണ് പിതാവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടി സ്വീകരിച്ചു വരികയാണ്.

article-image

deewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed