ബഹ്‌റൈൻ കോട്ട കാണാനായി ജൂലൈയിൽ എത്തിയത് ഒൻപതിനായിരത്തിലേറെ പേർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ച് ബഹ്‌റൈൻ ഫോർട്ട് ഒന്നാം സ്ഥാനം നിലനിർത്തി. ബഹ്‌റൈന്റെ നാഷണൽ ഓപ്പൺ ഡാറ്റ പ്ലാറ്റ്‌ഫോം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 9,142 പേരാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ചരിത്ര സ്മാരകം സന്ദർശിച്ചത്. സന്ദർശകരിൽ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളായിരുന്നു (4,282 പേർ). കൂടാതെ 4,202 ബഹ്‌റൈൻ സ്വദേശികളും, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള 455 പേരും, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 120 പേരും, വിവിധ ഓർഗനൈസ്ഡ് ഗ്രൂപ്പുകളിലായി 83 പേരും ജൂലൈയിൽ ബഹ്‌റൈൻ ഫോർട്ടിലെത്തി.
സാംസ്കാരിക കേന്ദ്രങ്ങളുടെ പട്ടികയിൽ 2,432 സന്ദർശകരുമായി ബഹ്‌റൈൻ നാഷണൽ മ്യൂസിയമാണ് രണ്ടാം സ്ഥാനത്തുള്ളത്. 1,201 വിദേശികളും 472 സ്വദേശികളും 393 ജി.സി.സി പൗരന്മാരും വിവിധ പഠന-വിനോദ സംഘങ്ങളുമാണ് മ്യൂസിയം സന്ദർശിച്ചത്. 1,644 സന്ദർശകരുമായി ട്രീ ഓഫ് ലൈഫും സന്ദർശക കേന്ദ്രവുമാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
രാജ്യത്തെ മറ്റ് പ്രമുഖ പൈതൃക കേന്ദ്രങ്ങളിലും ജൂലൈയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അൽ ജസ്ര ഹാൻഡിക്രാഫ്റ്റ്സ് സെന്റർ 526 പേരും, ആർട്സ് സെന്റർ 493 പേരും, പേൾ ട്രെയിൽ 454 പേരും സന്ദർശിച്ചു. ഖലീഫ ലൈബ്രറിയിൽ 225 പേരും, സ്പോർട്സ് ഹാളിൽ 190 പേരും എത്തിയപ്പോൾ ബഹ്‌റൈൻ ഫോർട്ട് മ്യൂസിയത്തിൽ 124 സന്ദർശകർ രേഖപ്പെടുത്തി. ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഫത്തേഹ് ഫോർട്ട് 82 പേരും ബൈത്ത് അൽ ജസ്ര 63 പേരും സന്ദർശിച്ചു. ചരിത്രത്തിനും പൈതൃകത്തിനും ഏറെ പ്രാധാന്യമുള്ള ബഹ്‌റൈനിലേക്ക് അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം സഞ്ചാരികൾ കൂടുതലായി ആകർഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ഉയർന്ന സന്ദർശക കണക്കുകൾ.
asdasd
fsf

