ബഹ്‌റൈനിൽ വിദേശികളുടെ ചെലവഴിക്കലിൽ ശക്തമായ തിരിച്ചുവരവ്: മേയിൽ ബാങ്ക് കാർഡ് ഇടപാടുകൾ 86 ദശലക്ഷം ദിനാറിലെത്തി
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് മേഖലയിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങളും വ്യോമഗതാഗത വിലക്കും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് ബഹ്‌റൈനിൽ വിദേശ വിനോദസഞ്ചാരികളുടെ ചെലവഴിക്കലിൽ വൻ കുതിച്ചുചാട്ടം. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മേയ് മാസത്തിൽ വിദേശ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടന്ന ഇടപാടുകൾ 86.1 ദശലക്ഷം ബഹ്‌റൈനി ദിനാറിലെത്തി. ഇത് മാർച്ച് മാസത്തെ അപേക്ഷിച്ച് 204 ശതമാനം ഉയർന്ന നിരക്കാണ്.
യുഎസ്-ഇറാൻ സംഘർഷവും ബഹ്‌റൈന് നേർക്കുണ്ടായ ഇറാനിയൻ ആക്രമണങ്ങളും വ്യോമപാത അടച്ചതും മാർച്ച് മാസത്തിൽ വിദേശ സഞ്ചാരികളുടെ വരവിനെയും വ്യാപാരത്തെയും രൂക്ഷമായി ബാധിച്ചിരുന്നു. ഫെബ്രുവരിയിൽ 76.5 ദശലക്ഷം ദിനാറായിരുന്ന വിദേശ കാർഡ് ചെലവഴിക്കൽ മാർച്ചിൽ 63 ശതമാനം ഇടിഞ്ഞ് 28.3 ദശലക്ഷം ദിനാറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഈ മേഖല വലിയ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം മേയ് മാസത്തിൽ രേഖപ്പെടുത്തിയ 87.9 ദശലക്ഷം ദിനാറിന്റെ 98 ശതമാനത്തോളം എത്തിപ്പിടിക്കാൻ മേയിൽ സാധിച്ചു.
ഇടപാടുകളുടെ എണ്ണത്തിലും ഈ വർദ്ധനവ് വ്യക്തമാണ്. മാർച്ചിൽ 1.82 ദശലക്ഷമായിരുന്ന വിദേശ കാർഡ് ഇടപാടുകൾ ഏപ്രിലിൽ 2.63 ദശലക്ഷമായും മേയിൽ 4.71 ദശലക്ഷമായും ഉയർന്നു. രണ്ട് മാസത്തിനിടെ 159.3 ശതമാനത്തിന്റെ വർദ്ധനവാണിത്. അതേസമയം രാജ്യത്തെ പ്രാദേശിക പ്രതിസന്ധികൾക്കിടയിലും ബഹ്‌റൈൻ സ്വദേശികളുടെ കാർഡ് ഉപയോഗം മികച്ച നിലയിൽ തുടർന്നു. മാർച്ചിൽ ചെറിയ കുറവ് നേരിട്ടെങ്കിലും ഏപ്രിലിലും മേയിലും സ്വദേശികളുടെ ചെലവഴിക്കൽ മുൻവർഷത്തെക്കാൾ ഉയർന്ന തോതിൽ രേഖപ്പെടുത്തി.
പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്), ഓൺലൈൻ പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ മേയ് മാസത്തിലെ ആകെ കാർഡ് ചെലവഴിക്കൽ 596.2 ദശലക്ഷം ദിനാറിലെത്തി. ഇതിൽ പോയിന്റ് ഓഫ് സെയിൽ വഴി മാത്രം 510 ദശലക്ഷം ദിനാറിന്റെ ഇടപാടുകൾ നടന്നു. യുദ്ധ സമയത്ത് ഇറക്കുമതിയിലുണ്ടായ 57.7 ശതമാനത്തിന്റെ കുറവ് ഓൺലൈൻ പേയ്‌മെന്റുകളെ മാർച്ചിൽ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളോടെ ഓൺലൈൻ വ്യാപാരവും ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. വിമാന സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചതും സാമ്പത്തിക മേഖല സാധാരണ നില കൈവരിച്ചതുമാണ് ഈ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് കാരണമായത്.
sdfds

