സിഡ്‌നിയിലെ ഭീകരാക്രമണത്തിന് പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്
ശാരിക / സിഡ്നി
സിഡ്‌നി നഗരത്തിന് സമീപം ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ ഇവർ മാത്രമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമികളിൽ 50 വയസുള്ള പിതാവ് പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
എന്നാൽ 24 വയസുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്കുകളുടെ ഉടമയാണെന്നും, അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. യഹൂദരുടെ എട്ട് ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ആദ്യ ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്ക് നേരെയായിരുന്നു തോക്കുധാരികൾ വെടിയുതിർത്തത്.
ഇത് സിഡ്‌നിയിലെ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് സ്ഥിരീകരിച്ചു. ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയവർക്ക് നേരെ പത്ത് മിനിറ്റോളം വെടിവയ്പ്പുണ്ടായി. ഭീകരർ സമീപത്തെ നടപ്പാലത്തിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
dsdfs
