ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്; അംഗീകരിച്ച് നെതന്യാഹു

ഷീബ വിജയൻ
ഇസ്രയേല്‍ I ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ മുന്നോട്ടുവച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് 20 നിര്‍ദേശങ്ങളടങ്ങിയ കരാര്‍ അമേരിക്ക മുന്നോട്ടുവച്ചത്. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം, ഹമാസ് ബന്ധികളെ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും എന്നുള്‍പ്പെടെയാണ് കരാറിലെ നിര്‍ദേശങ്ങള്‍. സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗസ്സയെ സൈനിക മുക്തമാക്കും, ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്മാറുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.
saASAS