കോവിഡ്: ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകുന്നത് പരിഗണനയിൽ
ഇന്ത്യയിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകുന്നത് പരിഗണനയിൽ. മറ്റു ചില രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.നിലവിൽ കോവിഡ് മുന്നണി പ്രവർത്തകർക്കും 60 വയസ്സിന് മുകളിൽ പ്രായമായവർക്കും മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ പണം നൽകിയാലും ഈ വിഭാഗത്തിനു മാത്രമേ ബൂസ്റ്റർ ഡോസ് ലഭിക്കൂ. മറ്റ് മുതിർന്നവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകണോ എന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ
. ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതേസമയം നിലവിൽ ഇന്ത്യയിലെ കോവിഡ് ബാധ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,549 പുതിയ കേസുകളും 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,16,510 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇന്ത്യയിൽ ജൂൺജൂലൈ മാസത്തിൽ കോവിഡിന്‍റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കാൺപൂർ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോർട്ട്. ഈ തരംഗം ഒക്ടോബർ വരെ നീണ്ടുനിൽക്കുമെന്നും വിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസുകൾ എല്ലാ മുതിർന്നവർക്കും ലഭ്യമാക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

