കോവിഡിനെ അതിജീവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


ലോകത്തെയൊട്ടാകെ പിടിച്ചു കുലുക്കിയ മഹാവ്യാധിയാണ് കൊറോണ. നാളിതു വരെ കേട്ടുകേൾവിയില്ലാത്ത അതിതീവ്രതയേറിയ പകർച്ചവ്യാധി. ഇതിനോടകം രണ്ടേകാൽ കോടിയോളം ജനങ്ങൾ ഈ സൂക്ഷ്മാണുവിന്റെ പിടിയിലായി. കൊറോണ രോഗം എങ്ങനെ പ്രതിരോധിക്കാം എന്നതുപോലെ തന്നെ ഗൗരവമേറിയ ഒന്നാണ് കോവിഡിനെ അതിജീവിച്ച ശേഷം ചെയ്യേണ്ടുന്ന കാര്യങ്ങളും.

എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ലോകത്ത് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ രോഗത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് ഡോക്ടർമാര്‍ക്കുപോലും വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ചികിത്സാരംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടായി. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം എന്നതില്‍ കവിഞ്ഞു ദീര്‍ഘകാലം നീളുന്ന അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കൊറോണ വൈറസിന് സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ ശേഷം പാലിക്കേണ്ട ചില നടപടികളെ കുറിച്ച് നോക്കാം.
1. സമയം നല്‍കുക - നിങ്ങള്‍ കോവിഡ് നെഗറ്റീവ് ആണെന്ന് അറിയുന്നതുതന്നെ വലിയ ആശ്വാസം ആണ്. എന്നാല്‍ ഫലം വന്ന ഉടനെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാം എന്ന ധാരണ വേണ്ട. സ്വയം അല്‍പ്പം സമയം നല്‍കുക. വലിയൊരു രോഗത്തില്‍ നിന്നാണ് നിങ്ങള്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത് എന്നോര്‍ക്കുക. അതിനാല്‍ സാവധാനം വലിയ ജോലികള്‍ ചെയ്യാന്‍ ആരംഭിക്കുക.

2∙ ഓര്‍മയെ പരീക്ഷിക്കുക - ഓര്‍മ, കോണ്‍സെന്‍ട്രേഷന്‍ ലെവല്‍ എന്നിവയ്ക്ക് വൈറസ് ബാധ സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ കോവിഡ് നെഗറ്റീവ് ആയ ശേഷം പസില്‍ ഗെയിമുകള്‍, ബ്രെയിന്‍ എക്സ്സര്‍സൈസുകള്‍, മെമ്മറി ടെസ്റ്റുകള്‍ എന്നിവ പരീക്ഷിക്കുക.

3∙ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക - തലവേദന, ശ്വാസംമുട്ടല്‍ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അൽപം ശ്രദ്ധിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറോട് ആദ്യംതന്നെ പറയുക.

4∙ മരുന്നുകള്‍ കഴിക്കുന്നവര്‍ - എന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് ആയ ശേഷം ഡോക്ടറെ സമീപിച്ചു മരുന്നുകളില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് അന്വേഷിക്കുക.

5∙ മാസ്ക് നിര്‍ബന്ധം - നെഗറ്റീവ് ആയ ശേഷവും നിങ്ങള്‍ക്ക് പിന്നെയും രോഗബാധ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ല. അതിനാല്‍ മാസ്ക് ധരിക്കുന്നത് നിര്‍ത്തരുത്.

6∙ അനാവശ്യ അധ്വാനം വേണ്ട - രോഗം ഭേദമായാലും ഉടനടി അദ്ധ്വാനം കൂടുതല്‍ വേണ്ട ജോലികള്‍ ചെയ്യാതെ ശരീരത്തിന് ആവശ്യത്തിനു വിശ്രമം നല്‍കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed