നബിദിന സന്ദേശം ജീവിതത്തിൽ പകർത്താൻ ആഹ്വാനം ചെയ്ത് ഹമദ് രാജാവ്


പ്രദീപ് പുറവങ്കര

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുജനനത്തെ അനുസ്മരിച്ചുകൊണ്ട് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രവാചകന്റെ പുണ്യജീവിതത്തിൽ നിന്നുള്ള ഉൾക്കാഴ്ചകളും നീതി, സന്മാർഗ്ഗദർശനം, നന്മ എന്നിവ ഉൾക്കൊള്ളുന്ന പാഠങ്ങളും ജീവിതത്തിൽ പകർത്താൻ രാജാവ് ആഹ്വാനം ചെയ്തു.

പ്രവാചകന്റെ ജീവിതം ഇസ്ലാമിന്റെ കാരുണ്യം, സഹിഷ്ണുത, സമാധാനം, സഹവർത്തിത്വം എന്നീ മഹത്തായ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാജാവ് ഓർമ്മിപ്പിച്ചു. നബിദിനം വെറുമൊരു അനുസ്മരണമായി ഒതുക്കാതെ ഈ തത്വങ്ങൾ ദൈനംദിന ജീവിതത്തിൽ പാലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. നീതി, ദയ, മാനവിക ഐക്യം എന്നിവയിലാണ് പ്രവാചകന്റെ സന്ദേശം ഊന്നൽ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഭിന്നതകളെ ഐക്യം കൊണ്ട് മറികടക്കാനും വിദ്വേഷത്തെ കരുണകൊണ്ട് ഇല്ലാതാക്കാനും പ്രവാചക ജീവിതം ഇന്നും വഴികാട്ടിയായി നിലകൊള്ളുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ദേശസേവനത്തിനും ഇത്തരം മൂല്യങ്ങൾ വഴികാട്ടിയാകണമെന്ന് രാജാവ് വ്യക്തമാക്കി.

രാജാവിന്റെ സന്ദേശം സമാധാനത്തോടും ഇസ്ലാമിക ഐക്യത്തോടുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അടിവരയിടുന്നതാണെന്ന് ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽ സ്വാലിഹ് പ്രസ്താവിച്ചു. വിവിധ സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയാണ് ബഹ്‌റൈൻ. ആഗോള സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കേന്ദ്രങ്ങളും പുരസ്കാരങ്ങളും ഏർപ്പെടുത്തിയുള്ള രാജാവിന്റെ നടപടികളെ അദ്ദേഹം പ്രശംസിച്ചു. സംസ്കാരങ്ങളുടെ സംഗമഭൂമിയായ ബഹ്‌റൈന്റെ ചരിത്രം, ഭിന്നതകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയ സമീപനത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയ്ക്കും ഇസ്ലാമിക ഐക്യത്തിനും നൽകിയ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം രാജാവിന്റെ സന്ദേശത്തെ സ്വാഗതം ചെയ്തു. വിദ്വേഷ പ്രസംഗങ്ങളെയും തീവ്രവാദത്തെയും ചെറുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും യുവാക്കളെ പിന്തുണയ്ക്കാനുമുള്ള രാജാവിന്റെ ആഹ്വാനം ശ്രദ്ധേയമാണെന്ന് വ്യക്തമാക്കിയ അൽ മുസല്ലം, കുടുംബബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ബഹ്‌റൈന്റെ സാമൂഹിക ഘടന നിലനിർത്തുന്നതിനുമുള്ള നിയമനിർമ്മാണങ്ങളിലൂടെ ഈ മൂല്യങ്ങൾ നടപ്പിലാക്കാൻ പാർലമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed