നിക്കോട്ടിൻ പൗച്ചുകളുടെ ഉപയോഗത്തിനെതിരെ ബഹ്റൈൻ ഡോക്ടറുടെ മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: കാഴ്ചയിൽ ചെറുതും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായ നിക്കോട്ടിൻ പൗച്ചുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ താക്കീതുമായി പ്രമുഖ ബഹ്റൈൻ ഡോക്ടർ മഗ്ദി ബുഖാരി. പ്രാദേശികമായി 'ഡിസിആർടി' എന്ന പേരിൽ അറിയപ്പെടുന്നവ ഉൾപ്പെടെയുള്ള നിക്കോട്ടിൻ പൗച്ചുകൾ യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ ചെറിയ പൗച്ചുകൾ വായയ്ക്കുള്ളിൽ വെച്ചാണ് ഉപയോഗിക്കുന്നത്. ഇവ പുകയോ നിശ്ചിത ദുർഗന്ധമോ പുറപ്പെടുവിക്കാത്തതിനാൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഓഫീസുകളിലോ, യോഗങ്ങൾക്കിടയിലോ, വാഹനം ഓടിക്കുമ്പോഴോ പോലും ഉപയോഗിക്കാൻ സാധിക്കും. പുകവലി നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽപോലും ആരുമറിയാതെ ഇവ ഉപയോഗിക്കാമെന്നത് ഇവയുടെ ഭീകരത വർദ്ധിപ്പിക്കുന്നു. എന്നാൽ ഇത്തരത്തിൽ തിരിച്ചറിയപ്പെടാതെ ഉപയോഗിക്കാൻ കഴിയുന്നത് വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് ഡോ. ബുഖാരി വ്യക്തമാക്കുന്നു. പലപ്പോഴും തങ്ങൾ എത്രത്തോളം മാരകമായ നിക്കോട്ടിനാണ് ശരീരത്തിനുള്ളിലേക്ക് എത്തിക്കുന്നതെന്ന് ഉപയോക്താക്കൾ തിരിച്ചറിയുന്നില്ല.

ഒരു ചെറിയ പൗച്ചിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ അളവ് ഒരു പാക്കറ്റിലെ (20 എണ്ണം) സിഗരറ്റിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടെന്ന് മസ്തിഷ്കത്തിലേക്ക് എത്തുന്ന ഉയർന്ന അളവിലുള്ള നിക്കോട്ടിൻ താൽക്കാലികമായി സമാധാനവും ആശ്വാസവും നൽകുമെങ്കിലും, തൊട്ടുപിന്നാലെ അത് തീവ്രമായ ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഇടയാക്കും. തുടർന്ന് പഴയ ആശ്വാസം വീണ്ടും ലഭിക്കാനായി അടുത്ത പൗച്ച് ഉപയോഗിക്കാൻ വ്യക്തി നിർബന്ധിതനാകുന്നു.

ഇത്തരത്തിൽ ദിവസം മുഴുവൻ പൗച്ചുകൾ മാറിമാറി ഉപയോഗിക്കുന്നത് ശരീരത്തെ ഇതിന് അടിമപ്പെടുത്തും. ഉയർന്ന അളവിലുള്ള നിക്കോട്ടിൻ നിരന്തരം ശരീരത്തിലെത്തുന്നത് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിക്കോട്ടിൻ വേണമെന്ന അവസ്ഥയിലെത്തുകയും, ഉറക്കക്കുറവ്, മാനസികനിലയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

സിഗരറ്റിന് സുരക്ഷിതമായ ഒരു ബദലായി നിക്കോട്ടിൻ പൗച്ചുകളെ കാണരുതെന്ന് ഡോ. ബുഖാരി ഊന്നിപ്പറഞ്ഞു. ചെറുതും ഉപദ്രവകാരിയല്ലെന്ന് തോന്നിക്കുന്നതുമായ ഈ വസ്തുക്കൾ ലഹരിമരുന്നിന് തുല്യമായ അളവിൽ നിക്കോട്ടിനാണ് ശരീരത്തിൽ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ അപകടസാധ്യത വളരെ ഉയർന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed