യു.എസ് ധനകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി ബഹ്റൈൻ ധനകാര്യമന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റുമായി ടെലിഫോൺ സംഭാഷണം നടത്തി. വാഷിംഗ്ടൺ പുതുതായി പ്രഖ്യാപിച്ച 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയെയക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
മേഖലാ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനുമുള്ള ഭീഷണികളെ ചെറുക്കുന്നതിൽ ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ സഹകരണം ഇരുനേതാക്കളും വിലയിരുത്തി. അനധികൃത സാമ്പത്തിക ഇടപാടുകളും സുസ്ഥിരത തകർക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗും തടയുന്നതിനുള്ള സംയുക്ത നീക്കങ്ങളും ചർച്ചയായി. ഈ ശ്രമങ്ങളിൽ ബഹ്‌റൈൻ വഹിക്കുന്ന പങ്കിനെ യു.എസ് ട്രഷറി സെക്രട്ടറി പ്രശംസിച്ചു.
സമാധാനവും സുസ്ഥിരതയും സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയും അത്യന്താപേക്ഷിതമാണെന്ന് ഷെയ്ഖ് സൽമാൻ യോഗത്തിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് സാമ്പത്തിക സമ്മർദ്ദത്തിനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ആഗോള വിപണിയുടെ സുസ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തുന്ന ശക്തികൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കേണ്ടതുണ്ടെന്ന് ധനകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന നെറ്റ്‌വർക്കുകളെയും മിലിഷ്യകൾക്കുള്ള സാമ്പത്തിക സഹായങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെയുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് ബഹ്‌റൈന്റെ പിന്തുണ ആവർത്തിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദ ഫണ്ടിംഗ് ചെറുക്കുന്നതിനുമുള്ള രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജി.സി.സി, യു.എസ്, മറ്റ് അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് സൽമാൻ വ്യക്തമാക്കി.
aa

