പൈലറ്റുമാർക്ക് അപ്രതീക്ഷിത ലഹരി പരിശോധന നിർബന്ധമാക്കാൻ കേന്ദ്രം; കരട് ചട്ടങ്ങൾ തയ്യാറാകുന്നു
ശാരിക
ന്യൂഡൽഹി: വ്യോമയാന സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ കൊമേഴ്‌ഷ്യൽ പൈലറ്റുമാർക്കും മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള ലഹരിമരുന്ന് പരിശോധന നിർബന്ധമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു. നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനായി വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ള പങ്കാളികളുമായി ഡിജിസിഎ ചർച്ചകൾ നടത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
നിലവിൽ ആകെ പൈലറ്റുമാരിൽ 10 ശതമാനം പേരെ മാത്രം തരംതിരിച്ച് പരിശോധിക്കുന്ന രീതിയാണുള്ളത്. എന്നാൽ ഇനി മുതൽ എല്ലാ പൈലറ്റുമാരെയും വർഷത്തിൽ ഒരിക്കലെങ്കിലും അപ്രതീക്ഷിത പരിശോധനയ്ക്ക് വിധേയരാക്കും. വിമാനക്കമ്പനികളുടെ പ്രവർത്തന രീതികൾകൂടി കണക്കിലെടുത്തായിരിക്കും പുതിയ നിയമം നടപ്പിലാക്കുക.
അടുത്തിടെ ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗത്തിനെതിരേ കൂടുതൽ കർശനമായ നയം രൂപീകരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
അതേസമയം, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ മുഴുവൻ പൈലറ്റുമാരുടെയും നിർബന്ധിത ലഹരി പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനസംഭവം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഎഐബി ഉടൻ പുറത്തുവിട്ടേക്കും.
aaa

