സെപ്റ്റംബറിൽ ബഹ്റൈനിൽ സ്കൂളുകൾ തുറക്കും; പുതിയ അധ്യയന വർഷത്തിന് പൂർണ്ണ സജ്ജമായി വിദ്യാഭ്യാസ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: സെപ്റ്റംബറോടെ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ രാജ്യത്തെ വിദ്യാലയങ്ങൾ പൂർണ്ണസജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി സമഗ്രമായ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുമാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്.
പതിനായിരത്തിലധികം പുതിയ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഇരുപത് ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണത്തിന് എത്തിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനസൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 15 പുതിയ ക്ലാസ് മുറികൾ തുറക്കുകയും അവയുടെ ഫർണിഷിംഗ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പുതിയ മേശകളും കസേരകളും അധ്യാപകർക്കുള്ള ആധുനിക ഫർണിച്ചറുകളും എത്തിക്കുന്നതിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.
പഠന അന്തരീക്ഷം സുഗമമാക്കുന്നതിന് ആവശ്യമായ ബഹ്‌റൈനി അധ്യാപകരെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, ശുചിമുറികൾ എന്നിവ രണ്ട് ഘട്ടങ്ങളിലായി ശുചീകരിച്ച് സുരക്ഷിതമാക്കി. എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും തകരാറിലായവ മാറ്റിവെക്കലും പൂർത്തിയായിട്ടുണ്ട്.
വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾ ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, അലാറം സംവിധാനങ്ങൾ, ഇലക്ട്രോണിക് റൂട്ട് മാപ്പുകൾ, സേഫ്-സ്റ്റോപ്പ് ബോർഡുകൾ എന്നിവ ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്വീകരിക്കുന്നതിനുള്ള ഓറിയന്റേഷൻ ദിനങ്ങൾക്കും സ്കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിനും മന്ത്രാലയം പൂർണ്ണ ഒരുക്കങ്ങൾ പൂർത്തിയാക്കി.
aa

