ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രഭയിൽ മലയാളിക്ക് ഇന്ന് പൊന്നോണം
ഷീബ വിജയൻ
കോട്ടയം: സ്നേഹത്തിന്റെയും സമത്വത്തിന്റെയും നല്ല നാളുകളെ നെഞ്ചിലേറ്റിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മാവേലിമന്നനെ വരവേറ്റ് തിരുവോണം ആഘോഷിക്കുന്നു. വീടുമുറ്റങ്ങളിൽ നിറപ്പകിട്ടാർന്ന പൂക്കളങ്ങളൊരുക്കിയും പുതിയ ഓണക്കോടിയണിഞ്ഞും കുടുംബാംഗങ്ങളോടൊപ്പം സമൃദ്ധമായ ഓണസദ്യ പങ്കുവെച്ചുമാണ് ഓരോ വീട്ടിലും ആഘോഷങ്ങൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഉത്രാടപ്പാച്ചിലിന് ചെറിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഓണാഘോഷങ്ങളുടെ ആവേശത്തിന് തല്ലിച്ചൊരിയാൻ അതൊന്നും കാരണമായില്ല. തിരുവോണനാളിലെ ആവശ്യങ്ങൾക്കായി വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഓണത്തപ്പൻ എന്നിവ വാങ്ങാൻ വൈകിട്ട് വരെ വിപണികളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നഗരപ്രദേശങ്ങളിൽ ഇത്തവണ റഡിമേഡ്/പാഴ്സൽ ഓണസദ്യയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തി ഹോട്ടലുകളും കേറ്ററിംഗ് സർവീസുകളും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. ഇതിനുപുറമേ പാലടയും അടപ്രഥമനും അടക്കമുള്ള വൈവിധ്യമാർന്ന പായസമേളകളും കേന്ദ്രങ്ങളിൽ സജീവമാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഓണാഘോഷ പരിപാടികൾ തകൃതിയായി നടക്കുമ്പോൾ, ഓണച്ചിത്രങ്ങൾ കാണാൻ സിനിമാ തിയേറ്ററുകളിലും വലിയ തിരക്കാണ് ദൃശ്യമാകുന്നത്.
aa

