ജാതി സെൻസസ് ചോദ്യാവലി പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഖാർഗെയും രാഹുൽ ഗാന്ധിയും
ശാരിക
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ജാതി സെൻസസ് ചോദ്യാവലി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും ചർച്ച ചെയ്ത് പുതിയത് രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സെൻസസിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ‘ഓപ്പൺ-എൻഡഡ്’ ചോദ്യരീതി അശാസ്ത്രീയമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ രീതിയനുസരിച്ച് ഓരോ വ്യക്തിയും തങ്ങളുടെ ജാതിയായി ഏതു പേര് പറയുന്നോ അത് അതേപടി രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇന്ത്യയിൽ ഒരേ ജാതി തന്നെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിലും ഉപജാതികളായും ഭാഷകളിലുമാണ് അറിയപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ ജാതിയിൽപ്പെട്ട ആളുകൾ സെൻസസിൽ വ്യത്യസ്ത പേരുകളിൽ രേഖപ്പെടുത്തിയാൽ വിവരങ്ങൾ കൃത്യമല്ലാതാവുകയും ഡാറ്റ ഉപയോഗശൂന്യമാവുകയും ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കുന്നു.
സമുദായങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാതെ വരുന്നത് അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളെ തെറ്റിക്കും. കൂടാതെ, സെൻസസിൽ ‘പിന്നാക്ക വിഭാഗം’ എന്ന വാക്കുപോലും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ രാജ്യത്തെ ഒബിസി ജനസംഖ്യ എത്രയെന്നു വ്യക്തമാകില്ലെന്നും നേതാക്കൾ ആരോപിച്ചു.
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിൽ നടത്തിയ ജാതി സർവേകളുടെ മാതൃകയിൽ കൃത്യമായ ജാതിപ്പട്ടിക ഉൾപ്പെടുത്തി സെൻസസ് നടപടികൾ പുനഃക്രമീകരിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സർവേകളുടെ മാതൃകയും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്. അതേസമയം, നിലവിലെ സെൻസസ് രീതി വെറും കണ്ണിൽ പൊടിയീടൽ മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും പ്രതികരിച്ചു.
aa

