മുൻകൂട്ടിയുള്ള ഇടപെടലുകൾ വിലക്കയറ്റം തടഞ്ഞു; സപ്ലൈകോയ്ക്ക് 400 കോടിയുടെ വിറ്റുവരവെന്ന് ഭക്ഷ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: കൃത്യമായ മുൻകരുതലുകളും ഇടപെടലുകളും മൂലം ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം പൂർണ്ണമായും തടയാനായെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിപണിയിൽ ആവശ്യത്തിന് ഉൽപന്നങ്ങൾ മുൻകൂട്ടി എത്തിച്ചതും ഓണം ഫെയറുകൾ നേരത്തെ ആരംഭിച്ചതുമാണ് വിലക്കയറ്റം നിയന്ത്രണവിധേയമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അരിയുടെ വിലക്കയറ്റം തടയുകയായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ആന്ധ്രാപ്രദേശ് അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ട് പഠിച്ച് നടപടികൾ സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു. ഓണക്കാലത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, വെറും 33 ദിവസത്തിനുള്ളിൽ സപ്ലൈകോ 400 കോടി രൂപയുടെ വിറ്റുവരവ് നേടിയതായും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് അഞ്ച് സബ്സിഡി ഉൽപന്നങ്ങൾക്ക് ഇത്തവണ വില കുറയ്ക്കാനും സാധിച്ചു.
ഹോർട്ടികോർപ്പ് വഴി പരമാവധി കർഷക ഉൽപന്നങ്ങൾ സപ്ലൈകോയിലൂടെ വിതരണം ചെയ്യാൻ കഴിഞ്ഞത് നേട്ടമായി. കർഷകരുടെ കുടിശ്ശിക തുകകൾ ഘട്ടങ്ങളായി കൊടുത്തുതീർക്കുകയാണെന്നും പതിമൂവായിരത്തോളം കർഷകർക്ക് ഓണത്തിന് മുൻപായി ബാങ്ക് അക്കൗണ്ടുകൾ വഴി പണം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.
aa

