കണ്ണുകളുടെ നിറം മാറ്റുന്ന ശസ്ത്രക്രിയകൾ അപകടകരം; മുന്നറിയിപ്പുമായി ബഹ്‌റൈനിലെ നേത്രരോഗ വിദഗ്ദ്ധർ


പ്രദീപ് പുറവങ്കര

മനാമ: കണ്ണുകളുടെ നിറം മാറ്റുന്നതിനുള്ള സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളുടെ പരസ്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ബഹ്‌റൈനിലെ നേത്രരോഗ വിദഗ്ദ്ധർ. ഇത്തരം ശസ്ത്രക്രിയകൾ ഗ്ലോക്കോമ, കണ്പടലത്തിന് (cornea) തരാറുകൾ, കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബഹ്‌റൈൻ ഒഫ്താൽമോളജി അസോസിയേഷൻ വ്യക്തമാക്കി.

കണ്ണുകളുടെ നിറം മാറ്റാനായി നടത്തുന്ന 'കെരാറ്റോപിഗ്മെന്റേഷൻ' (corneal tattooing), കൃത്രിമ ഐറിസ് ഇംപ്ലാന്റുകൾ തുടങ്ങിയ ചികിത്സാരീതികളുടെ പ്രചാരണം വർദ്ധിക്കുന്നതിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. ആരോഗ്യമുള്ള കണ്ണുകളിൽ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകൾ അണുബാധ, വീക്കം, കണ്പടലത്തിന് കേടുപാടുകൾ, കണ്ണിലെ ഉയർന്ന സമ്മർദ്ദം, വെളിച്ചം അടിക്കുമ്പോഴുള്ള അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളിൽ രോഗിക്ക് കാഴ്ചശക്തി തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.

കണ്ണുകളെ ബാധിക്കുന്ന ചില പ്രത്യേക രോഗങ്ങൾക്കോ പരിക്കുകൾക്കോ ചികിത്സയായി ഇത്തരം ശസ്ത്രക്രിയകൾ ഉപയോഗിക്കാറുണ്ടെങ്കിലും, യോഗ്യതയുള്ള നേത്രരോഗ വിദഗ്ദ്ധന്റെ പൂർണ്ണമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അവ പരിഗണിക്കാവൂ എന്ന് അസോസിയേഷൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ ഇത്തരം ചികിത്സകൾ സുരക്ഷിതവും അപകടരഹിതവുമാണെന്ന രീതിയിൽ നൽകുന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ശസ്ത്രക്രിയകളെക്കുറിച്ച് ചിന്തിക്കുന്നവർ പരസ്യങ്ങളുടെ വാഗ്ദാനങ്ങളിൽ വീഴാതെ, നിർബന്ധമായും അംഗീകൃത മെഡിക്കൽ സെന്ററുകളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന് ബഹ്‌റൈൻ ഒഫ്താൽമോളജി അസോസിയേഷൻ അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed