വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ എംപി
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തുനിന്നുള്ള വിദേശപണത്തിന്റെ ഒഴുക്ക് തടയുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പരിമിതപ്പെടുത്തണമെന്ന് ബഹ്‌റൈൻ എം.പി ഡോ. മുനീർ സറൂർ ആവശ്യപ്പെട്ടു. സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നത് രാജ്യത്തെ പ്രാദേശിക സാമ്പത്തിക രംഗത്ത് പണലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ മന്ത്രാലയത്തിൽ നടത്തിയ സന്ദർശനത്തിനിടെയാണ് എം.പി ഈ കാര്യങ്ങൾ പറഞ്ഞത്. തൊഴിൽ ലഭ്യമാക്കൽ, തൊഴിലില്ലായ്മ വേതനവും പിന്തുണയും, തൊഴിൽ ബന്ധ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെറുമൊരു ക്വാട്ട നിശ്ചയിക്കുന്നതിന് പകരം യഥാർത്ഥ തൊഴിലവസരങ്ങളിലൂടെയാണ് ബഹ്‌റൈനൈസേഷൻ വിലയിരുത്തപ്പെടേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലുടമകളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വദേശികളായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, നൈപുണ്യ വിടവുകൾ നികത്താൻ തൊഴിലധിഷ്ഠിത പരിശീലനങ്ങൾ നൽകാനും നടപടിയുണ്ടാകണം.
തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക, മന്ത്രാലയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, ഉദ്യോഗാർത്ഥികളുടെ രേഖകൾ കാലാനുസൃതമാക്കുക, ചില ജോലി മേഖലകളോടുള്ള സാമൂഹിക മനോഭാവം മാറ്റുക എന്നിവയും ചർച്ചയിൽ വിഷയമായി. ഇതിനുപുറമേ, തൊഴിലില്ലായ്മ വേതനം, ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ കോടതി വിധികൾ നടപ്പാക്കൽ, തൊഴിൽ സുരക്ഷ എന്നിവയും യോഗം വിലയിരുത്തി.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ നിയമനിർമ്മാണങ്ങൾക്കും മികച്ച ശമ്പളം ഉറപ്പാക്കുന്ന പരിശീലന പദ്ധതികൾക്കുമായി പാർലമെന്റും മന്ത്രാലയവും കൈകോർത്ത് പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സ്വദേശികൾക്ക് അർഹമായ അവസരങ്ങൾ നിഷേധിക്കുന്ന രീതികൾക്കെതിരെ കർശന പരിശോധന വേണം. തൊഴിൽ തരംതിരിക്കൽ മുതൽ ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ സ്ഥിരതയുള്ള ജോലി ലഭിക്കുന്നത് വരെയുള്ള പ്രക്രിയകളുടെ ഫലപ്രാപ്തി മുൻനിർത്തി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടണമെന്നും, തൊഴിൽ വിപണിയിലെ വിടവുകൾ നികത്താൻ ക്രമാനുഗതമായ സ്വദേശിവൽക്കരണമല്ലാതെ മറ്റ് വഴികളില്ലെന്നും ഡോ. സറൂർ കൂട്ടിചേർത്തു.
aa

