ലളിതാഭിനയം നിലച്ചിട്ട് ഒരു വർഷം...


ലളിതാഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന മഹേശ്വരിയമ്മ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ലളിത ചേച്ചി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2022 ഫെബ്രുവരി 22ന് അവർ അരങ്ങൊഴിഞ്ഞപ്പോൾ അസ്തമിച്ചത് പതിറ്റാണ്ടുകളുടെ അഭിനയത്തിളക്കമായിരുന്നു. നാലു പതിറ്റാണ്ടുകളിലേറെയുള്ള സിനിമാ ജീവിതത്തിൽ മലയാളത്തിലും തമിഴിലുമായി 500ലേറെ സിനിമകളിൽ ലളിത അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും കെപിഎസി ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തൻ ‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 ഫെബ്രുവരി 25നായിരുന്നു മഹേശ്വരിയുടെ ജനനം. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു നാടക രംഗത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് മഹേശ്വരി കെപിഎസിയിലെത്തുകയും തോപ്പിൽ ഭാസി കെപിഎസി ലളിത എന്ന് പേരിടുകയും ചെയ്തു. തുടക്കത്തിൽ നാടകങ്ങളിൽ ഗായികയായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിലായിരുന്നു അവർ പാടിയത്. പിന്നീട് ആണ് അഭിനയ രംഗത്ത് സജീവമാകുന്നത്. 

വളരെ പെട്ടെന്ന് തന്നെ അവർ അഭിനയത്തിൽ ശ്രദ്ധനേടി. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ,തുലാഭാരം തുടങ്ങി നിരവധി നാടകങ്ങളിൽ അവർ വേഷമിട്ടു. കൂട്ടുകുടുംബം എന്ന സിനിമയിലൂടെയായിരുന്നു ചലചിത്ര അരങ്ങേറ്റം. തോപ്പിൽ ഭാസിയുടെ നാടകമായിരുന്നു കൂട്ടുകുടുംബം. തുടർന്ന് നായികയായും സഹനടിയായും തമാശ വേഷങ്ങളിലും അമ്മ വേഷങ്ങളിലുമെല്ലാം നാല് പതിറ്റാണ്ടോളം കെപിഎസി ലളിത സിനിമയിൽ തിളങ്ങി. 

1991ൽ ഭരതന്റെ ചിത്രമായ അമരത്തിലെ കഥാപാത്രത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 2000ൽ ശാന്തം എന്ന ചിത്രത്തിലെ അഭിനയിത്തിനെ രണ്ടാം തവണയും സഹനടിയക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിൽ എല്ലാം ‘ഉളളിലൊതുക്കി ജീവിക്കുന്ന അമ്മ’യായി ലളിത നിറഞ്ഞാടി. 

നീലപൊൻമാൻ, ആരവം,‍‌ അമരം , കടിഞ്ഞൂൽ കല്യാണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1978ലാണ് ഭരതനെ കെപിഎസി ലളിത വിവാഹം കഴിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ഏറെ സംഭവബഹുലമായിരുന്നു. ഭരതനെ വിവാഹം കഴിച്ച പിന്നാലെ ലളിത സിനിമയിൽ നിന്നും ഇടവേള എടുത്തു. പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും സിനിമയിലേക്ക് എത്തിയത്. പിന്നീട് മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കെപിഎസി ലളിതയിലൂടെ മലയാളികള്‍ പിന്നീട് കണ്ടു. 2022−ൽ റിലീസായ ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്. 

സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു കെപിഎസി ലളിതയുടെ രാഷ്ട്രീയം. 2011 ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ ലളിതയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ സിപിഎം തിരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പ്രാദേശിക എതിർപ്പുകളെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ പിന്നീട് സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായി അവരെ നിയമിച്ചു. 2021 നവംബറിലാണ് ലളിതയെ കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഏറെ ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്ളാറ്റിൽ വെച്ചായിരുന്നു അന്ത്യം. ശ്രീക്കുട്ടി മകളാണ്.

നാടകവേദികളിലും വെള്ളിത്തിരയിലും സ്വതസിദ്ധമായ തന്റെ അഭിനയ ശൈലിയാൽ വിസ്മയം തീർത്ത കെ.പി.എ.സി ലളിതയ്ക്ക് സ്മരണാഞ്ജലി.

article-image

drgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed