സോനം കപൂറിന്‍റെയും ആനന്ദ അഹൂജയുടെയും വസതിയിൽ നിന്ന്‍ 1.41 കോടിയുടെ പണവും സ്വർണവും മോഷണം പോയി

ബോളിവുഡ് നടി സോനം കപൂറിന്‍റെയും ഭർത്താവും വ്യവസായിയുമായ ആനന്ദ അഹൂജയുടെയും ഡൽഹിയിലെ വസതിയിൽ വന്‍മോഷണം. 1.41 കോടിയുടെ പണവും സ്വർണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിലാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് ഇതും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ആനന്ദിന്‍റെ മാതാപിതാക്കളായ ഹരിഷ് അഹൂജയും പ്രിയ അഹൂജയും മുത്തശ്ശി സർള അഹൂജയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. അമൃത ഷെർഗിൽ മാർഗിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സോനം കപൂറിന്‍റെ ഭർതൃമാതാവാണ് തങ്ങളുടെ വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ച് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയത്.
ഫെബ്രുവരി 11ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 23നാണ് പരാതി നൽകുന്നത്. ഗൗരവമുള്ള കേസായതിനാൽ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണത്തിനായി സ്ക്വാഡുകൾ രൂപീകരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സോനത്തിന്‍റെയും ആനന്ദിന്‍റെയും സ്റ്റാഫുകളെ ചോദ്യം ചെയ്തു. 9 കെയർടേക്കർമാർ, ഡ്രൈവർമാർ, തോട്ടക്കാർ, മറ്റ് തൊഴിലാളികൾ എന്നിവരെ കൂടാതെ 25 ജീവനക്കാരെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു.