ഓസ്‌കർ‍ വേദിയിലെ പെരുമാറ്റം; അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വിൽ‍ സ്മിത്ത്


ഓസ്‌കർ‍ വേദിയിൽ‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടൻ‍ വിൽ‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വിൽ‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകൻ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തിൽ‍ ഓസ്‌കർ‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മിത്തിന്റെ കുറിപ്പ്;

ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയിൽ‍ നടന്ന ഓസ്‌കർ‍ അക്കാദമി അവാർ‍ഡിനിടെ എന്റെ പെരുമാറ്റം ഉൾ‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. തമാശകൾ‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി.

ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണ്. എങ്ങനെ ഒരു മനുഷ്യന്‍ പെരുമാറരുതോ അത്തരത്തിലാണ് ഇന്നലെ ഞാൻ പെരുമാറിയത്. അതിൽ‍ ലജ്ജിക്കുകയാണ്. സ്‌നേഹത്തിന്റെയും ദയയുടെയും ഈ ലോകത്ത് അക്രമങ്ങൾ‍ക്ക് സ്ഥാനമില്ല.

ഓസ്‌കർ‍ അക്കാദമിയോടും ഷോയുടെ നിർ‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്റെ കിങ് റിച്ചാർ‍ഡിന്റെ കുടുംബത്തോടും ഞാൻ‍ മാപ്പ് പറയുന്നു. മനോഹരമായ ഒരു യാത്ര എന്റെ പെരുമാറ്റം മൂലം മോശമായതിൽ‍ ഖേദിക്കുന്നു’.

You might also like

  • Straight Forward

Most Viewed