ഡബ്ല്യുസിസി നൽകിയ ഹർജിയിൽ സംസ്ഥാന വനിതാ കമ്മീഷൻ കക്ഷി ചേർന്നു

ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും മലയാള സിനിമാ രംഗത്ത് ഇത്തരം പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)നൽകിയ ഹർജിയിൽ സംസ്ഥാന വനിതാ കമ്മിഷന്‍ കക്ഷി ചേർന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമപ്രകാരം ഇത്തരം സമിതികൾ തൊഴിലിടങ്ങളിൽ നിർബന്ധമാണെങ്കിലും സിനിമാ മേഖലയിൽ ഇതുവരെ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് സിനിമാരംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ സംഘടന എന്ന നിലയ്ക്ക് വിമൻ ഇൻ സിനിമ കളക്ടീവ് ഹർജി നൽകിയത്.
യുവനടിയെ ആക്രമിച്ച സംഭവത്തെത്തുടർന്ന് 2018 ലാണ് ഹർജി നൽകിയത്. താരസംഘടനയായ അമ്മയിൽ ഇത്തരമൊരു സമിതി രൂപീകരിക്കാന്‍ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയും സംഘടന നൽകിയിരുന്നു. സംസ്ഥാനത്തെ വനിതകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നതിനായി വനിതാ കമ്മിഷൻ നിയമപ്രകാരമാണ് സംസ്ഥാന വനിതാ കമ്മിഷനു രൂപം നൽകിയിരിക്കുന്നതെന്നും ഹർജിയിൽ കക്ഷി ചേരാൻ കമ്മിഷന് അനുമതി നൽകണമെന്നും വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ നൽകിയ ഉപഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഈ ഹർജികൾ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്തിമ വാദത്തിന് 14നു പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.