ആർ ബിന്ദുവിന് ക്ലിൻചീറ്റ്; മന്ത്രിയുടെ നിർദ്ദേശം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ലോകായുക്ത

കണ്ണൂർ വിസി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സർവ്വകലാശാലക്ക് നൽകിയത് നിർദേശമാണെന്നും വിധി പറയുന്നതിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. മന്ത്രി സർവ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിർദേശം നൽകുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാൻസലർകൂടിയായ ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിർദേശം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നില്ല. വിഷയത്തിൽ രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി തള്ളി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മന്ത്രി കത്ത് നൽകിയത് ഗവർണർ ആവശ്യപ്പെട്ടിട്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനർ നിയമിച്ചത് ഗവർണറുടെ കൂടി നിർദ്ദേശപ്രകാരം ആയിരുന്നെന്നും സർക്കാർ വാദിച്ചിരുന്നു. വിസി നിയമനവുമായി മുന്നോട്ട് പോകാൻ ഗവർണർ നിർദേശിക്കുന്ന രേഖകൾ സർക്കാർ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വാദം തള്ളി ഗവർണറുടെ ഓഫീസ് ഇന്നലെ രംഗത്ത് വന്നിട്ടുണ്ട്. നിയമനത്തിൽ തനിക്ക് പങ്കില്ലെന്നും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈ എടുത്തതെന്നും ആണ് ഗവർണർ പറയുന്നത്. സർക്കാരിനെതിരായ രണ്ട് കേസുകളാണ് ഇന്ന് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വകമാറ്റി ചെലവഴിച്ച കേസാണ് രണ്ടാമത്തേത്.