ഉള്ളിക്കുള്ളിൽ ഒളിപ്പിച്ച് പാൻ മസാല കടത്താൻ ശ്രമം; ഇന്ത്യൻ വ്യാപാരിക്കെതിരെ ബഹ്റൈനിൽ വിചാരണ
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
മനാമ: ഉള്ളിക്കുള്ളിൽ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് വലിയ തോതിൽ പാൻ മസാല കടത്താൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വ്യാപാരി ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. സമുദ്രമാർഗ്ഗം എത്തിയ ഷിപ്പിമെന്റിൽ നിന്ന് ഏകദേശം 20,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന ഒന്നര ടണ്ണിലധികം (1,110 ബാഗ്) നിരോധിത പാൻ മസാലയാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനയ്ക്കിടെ ഉള്ളികളുടെ അസാധാരണമായ വലിപ്പത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഉള്ളിക്കുള്ളിൽ 'തംബാക്ക് പാൻമസാല' ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
യു.എ.ഇയിലെ ജബൽ അലി വഴി ബഹ്‌റൈനിലെത്തിയ ചരക്ക്, ഒരു കസ്റ്റംസ് ക്ലിയറൻസ് ഏജന്റിനെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉപയോഗിച്ചാണ് പ്രതി ഇറക്കുമതി ചെയ്തത്. ലഹരിമരുന്ന് കടത്തിന് പുറമെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 19,925 ദിനാർ കസ്റ്റംസ് തീരുവയും 3,985 ദിനാർ മൂല്യവർദ്ധിത നികുതിയും (VAT) ഉൾപ്പെടെയുള്ളവ വെട്ടിക്കാൻ പ്രതി ശ്രമിച്ചതായി കോടതിയിൽ വ്യക്തമാക്കപ്പെട്ടു.
ചരക്ക് കൈപ്പറ്റാൻ എത്തിയ വ്യാപാരിയെ പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബഹ്‌റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം 2010 മുതൽ ഇത്തരം പുകയില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഇത്തരം ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
dgdg


