സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ നൽകി നടൻ മഹേഷ് ബാബു

ഹൈദരാബാദ്: സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ നൽകി നടൻ മഹേഷ് ബാബു. ആന്ധ്രയിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ആൾക്കാർക്കായാണ് ഏഴ് ദിവസം നീണ്ട് നിന്ന വാക്സിനേഷൻ ഡ്രൈവ് മഹേഷ് ബാബു സംഘടിപ്പിച്ചത്. മഹേഷിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
“ഏഴ് ദിവസത്തെ വാക്സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയാക്കി. ഞങ്ങളുടെ ഗ്രാമം മിഴുവൻ വാക്സിൻ സ്വീകരിച്ചതിൽ അതിയായ സന്തോഷം. എന്നും കൂടെ നിൽക്കുന്നതിന് നന്ദി മഹേഷ് ബാബു. വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങൾക്കും നന്ദി.” നമ്രത കുറിച്ചു.
മെയ് 31ന് തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തിൽ വാക്സിനേഷൻ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. 2015ൽ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മഹേഷ് ബാബു അറിയിച്ചിരുന്നു. തുടർന്ന് ഗ്രാമത്തിൽ പുതിയ ക്ലാസ് മുറികൾ നിർമിക്കുകയും ഹെൽത്ത് ക്യാന്പുകൾ സംഘടപ്പിക്കുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ മഹേഷ് ബാബു നടത്തിയിരുന്നു.