ജോലി നഷ്ടപ്പെട്ടവര്‍ക്ക് സോനു സൂദ് ഇ-ഓട്ടോറിക്ഷകൾ നൽകും

മുംബൈ : തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇ- ഓട്ടോറിക്ഷകൾ നൽകാൻ തീരുമാനിച്ച് ബോളിവുഡ് താരം സോനു സൂദ്. താരം പുതുതായി ആരംഭിച്ച ‘ഖുദ് കമാവോ ഘർ ചലാവോ’ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽരഹിതർക്ക് ഇ-ഓട്ടോറിക്ഷകൾ നൽകി സഹായിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർക്ക് ജീവിതത്തിലേക്ക് കരകയറാൻ വേണ്ടിയുള്ള മാർഗ്ഗമാണിതെന്ന് താരം അറിയിച്ചു.
ലോക്ക് ഡൗൺ കാലത്ത് ആളുകളെ സഹായിച്ച് സോനു സൂദ് വളരെയേറെ പ്രസിദ്ധി നേടിയിരുന്നു. എന്നാൽ ഇതെല്ലാം പ്രസിദ്ധിക്ക് വേണ്ടിയല്ലെന്നും ആളുകളിൽ നിന്നും ലഭിക്കുന്ന സ്‌നേഹം തനിക്ക് പ്രചോദനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾക്ക് അവശ്യസാധനങ്ങൽ വിതരണം ചെയ്യുകയല്ല വേണ്ടത്. മറിച്ച് അവരെ സ്വയം പര്യാപ്തരായി നിൽക്കാൻ സഹായിക്കുകയാണ് ചെയ്യേണ്ടത്. പുതുതായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ആളുകൾക്ക് ചെറിയ ബിസിനസ്സുകൾ ആരംഭിക്കാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് തൊഴിൽ നൽകാനായി സോനു പ്രവാസി രോജ്ഗർ ആപ്പ് നിർമ്മിച്ചിരുന്നു. 50000ത്തോളം തൊഴിൽ അവസരങ്ങളാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. മാത്രമല്ല പാവങ്ങളെ സഹായിക്കാൻ പണം കണ്ടെത്താനായി സോനു മുംബൈയിലെ തന്റെ എട്ടോളം കെട്ടിടങ്ങൾ പണയം വച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.