വേറിട്ട ദൃശ്യാനുഭവമായി സാവന്നയിലെ മഴപ്പച്ചകൾ


നൗഷാദ് സംവിധാനം ചെയ്ത് ഹർഷവർധൻ നിർമാണം നിർവഹിച്ച സാവന്നയിലെ മഴപ്പച്ചകൾ എന്ന ഹ്രസ്വ ചിത്രം വേറിട്ട ദ്രശ്യാനുഭവമായി. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ (ഇതുവരെയായി മൊത്തം 48 അവാർഡുകൾ ) നേടിയ ഈ ചിത്രം 2019 ലെ കേരള സർക്കാർ ചലച്ചിത്ര അക്കാദമി സംസ്ഥാന ടെലിവിഷൻ രംഗത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങൾ കൂടി ലഭിക്കുകയുണ്ടായി.
വാർദ്ധക്യ ജീവീതം ലോകമെങ്ങും ഒരുപോലെയാണെന്ന് മികച്ച ആവിഷ്കാരത്തിലൂടെ തെളിയിച്ച ചിത്രം ഈ ചിത്രം ജോർജിയൻ ഭാഷയിൽ കൂടി തത്സമയം ഷൂട്ട്‌ ചെയ്തിരുന്നു. അതിൽ മറ്റുള്ള നടീനടന്മാർ ജോർജിയക്കാരായിരുന്നെങ്കിലും ജയാ മേനോൻറെ കഥാപാത്രം ജയാ മേനോൻ തന്നെയാണ് അഭിനയിച്ചത്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായി പറഞ്ഞ കഥ. കാഴ്ചകൾ ഇല്ലെങ്കിലും തിരയുന്നെൻ കണ്ണുകൾ കനിവിനായ് ഉദരത്തിൽ ചുമന്ന് ജന്മം നൽകിയ മാതൃത്വം എന്ന മഹത്തായ വികാരം വിളിച്ചോതുന്ന ചിത്രം .
കീ കൊടുത്ത ചലന ശേഷിയുമായി യാന്ത്രിക ജീവിതം നയിക്കപ്പെടാൻ നിർബന്ധിതരാവുന്ന പുതു കാലത്തെ തലമുറ ജീവിതത്തിൻറെ അവസാന നാളുകളിൽ മാതാ പിതാക്കളെ ശരണാലയങ്ങളിലേക്ക് തള്ളി വിടുന്നു. ഈ ഹ്രസ്വ ചിത്രവും നമ്മെ കൂട്ടി കൊണ്ട് പോവുന്നതും സാവന്നയിലെ ശരണാലയത്തിലെ ജീവിതത്തിലേക്കാണ് . അതിജീവനത്തിനായി നിൽക്കാതെ എന്നും ഓടിക്കൊണ്ടിരിക്കുന്ന പ്രവാസ ജീവിതത്തിൻറെയൊടുവിൽ ഒടുവിൽ എത്തിപ്പെടുന്നത് ഇത്തരം ശരണാലയത്തിലാണെന്ന ഓർമപ്പെടുത്തൽ ഈ ചിത്രത്തിലൂടനീളം നമുക്ക് കാണാം
ശരണാലയത്തിലെ മൂന്നു പേരിൽ നിന്നും തുടങ്ങുന്ന കഥ അവരിൽ ഒരാളുടെ അപ്പൻറെയും , അമ്മയുടെയും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തെന്നി മാറുന്നു. ഭർത്താവായ റൊസാരിയയുടെ വർത്തമാനത്തിലൂടെ ലോകം നോക്കി കാണുന്ന അന്ധയായ ഭാര്യ . ജീവിതത്തിലെ ആത്മ സംഘർഷങ്ങൾ മനസ്സിൽ ഒതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്ന റൊസാരിയോ. ഒരാഴ്ചത്തെ സന്ദർശനത്തിനായി രണ്ട് പേരും മകൻറെ വീട്ടിൽ എത്തുന്നു. അവരുടെ വരവിൽ പ്രത്യേകിച്ച് ഒന്നും കാണാത്ത മകനും, ഭാര്യയും, കൊച്ചു മകനും അവരുടെ യാന്ത്രിക ജീവിതം തുടർന്ന് കൊണ്ടിരുന്നു.
റൊസാരിയയും ഭാര്യയും അവരുടെ സമയം ബാൽക്കണിയിലുരുന്ന് ചിലവഴിച്ചു റൊസാരിയയുടെ വാക്കുകളിലൂടെ ഭാര്യ പുറം കാഴ്ചകൾ അവരുടെ ഏക കണ്ണിലൂടെ കണ്ടു . ഒപ്പം എന്നും സ്‌കൂളിലെക്കു പോകും വഴി അയൽപക്കത്തെ കൊച്ചു മകൾ കാണിക്കുന്ന കുസൃതികളും റൊസാരിയോ ഭാര്യയെ പറഞ്ഞു കേൾപ്പിച്ചു. ബാൽക്കണിയിൽ ഇരിക്കുമ്പോൾ താഴെ ക്ലാർനെറ്റിൽ മധുര സംഗീതം പൊഴിക്കുന്ന ഒരാളെ കാണാം .
ജയാ മേനോൻ എന്ന നടിയുടെ അഭിനയ മികവ് ഒരു രവി വർമ ചിത്രം പോലെ വരച്ച് കാട്ടുവാൻ സംവിധായകനായ നൗഷാദിന് കഴിഞ്ഞു .
റൊസാരിയോ അയൽപക്കത്തെ കൊച്ചു മകളെ കൊച്ചു മാലാഖ എന്ന് വിളിക്കുമ്പോൾ ഭാര്യയുടെ ആർദ്രമായ കണ്ണുകളിൽ പ്രകാശത്തിൻറെ തിളക്കം .അവരുടെ മനോമുകുരങ്ങളിൽ വെള്ള ഉടുപ്പണിഞ്ഞ് ചിറകു വിരിച്ച് ഓടിയണയുന്ന കൊച്ചു മാലാഖ. അപൂർവ്വ ചാരുത നിറഞ്ഞു നിന്ന രംഗം . ജയാ മേനോൻ എന്ന നടിയുടെ അഭിനയത്തിൻറെ സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നാണീ രംഗം .
ഒരു നാൾ റൊസാരിയോയിൽ നിന്നും മാറി ഒറ്റക്ക് മുറിയിൽ നടക്കവേ ബെഡ്‌ഡിൽ തട്ടി വീഴുന്നു . പിന്നീട് നാം കാണുന്നത് സ്‌കൂൾ വിട്ട് വരുന്ന അയൽപക്കത്തെ കൊച്ചു മകൾ ബാൽക്കണിയിലേക്ക് നോക്കുന്നതാണ് . ബാൽക്കണിയിൽ അപ്പൂപ്പനും അമ്മൂമ്മയും ഇല്ല . അകലെ പള്ളി മണി മുഴങ്ങി അവിടേക്ക് നടന്നു .അവിടെ അവൾ കണ്ടു വെള്ള തുണിയിൽ പൊതിഞ്ഞ അമ്മൂമ്മയുടെ നിശ്ചലമായ ശരീരം . ഒപ്പം അന്ത്യ കൂദാശയും . വിറങ്ങലിച്ച മനസുമായി റൊസാരിയോ നടന്നു .അപ്പോൾ സാവന്നയിൽ മഴ പെയ്യുന്നുണ്ടായിരുന്നു . തിരിച്ച് സാവന്നയിലെ ശരണാലയത്തിലേക്ക് റൊസാരിയോ യാത്രയാകുമ്പോൾ അയാൾ ബാൽക്കണിയിലേക്ക് നോക്കി അവിടം ശൂന്യമായിരുന്നു. അയാളുടെ മനസ്സുപോലെ .
വളരെ ഒതുക്കത്തോടെ ഇംഗ്ളീഷ് സംവിധായകൻ ഒ .സുല്ലിവാന്റെ സിനിമയിലെ നായികയെ ഓർമ്മപെടുത്തുന്ന ജയാ മേനോൻറെ അന്ധയായ അമ്മ എന്ന കഥാപാത്രം മികച്ച രീതിയിൽ ജയാ മേനോൻ അഭിനയിച്ചു . റൊസാരിയയുടെ അഭിനയവും ഉന്നത നിലവാരം പുലർത്തി. അന്ത്യ കൂദാശ നൽകുന്ന പാതിരിയായും ശരണാലയത്തിലേക്കു മടങ്ങുന്ന നിസ്സഹായത നിഴലിക്കുന്ന മുഖവുമായി ഇരിക്കുന്ന അന്ധേവാസിയുമായി ചെറിയ വേഷമാണെങ്കിലും പ്രകാശ് വടകര നന്നായി അഭിനയിച്ചു. കഥാപാത്രങ്ങളും ,വേഷങ്ങളും ,സംവിധാനം, ഫോട്ടോഗ്രാഫി , കല , സംഗീതം എല്ലാം ഇംഗ്ളീഷ് സംവിധായകൻ ഒ .സുല്ലിവാന്റെ സിനിമയെ ഓർമ്മിപ്പിക്കുന്നു.
ഈ ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത് :
കരുണ ഇല്ലാത്തവളായി ഞാൻ ,
ഏകാന്തമാം ..'അമ്മ തൊട്ടിലിൽ
നിന്നെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ
നിനക്ക് അന്യമാകുമായിരുന്നില്ലേ
നീ എൻറെ മാറിൽ നിന്നും ചുരത്തിയ
പ്രാണന്റെ തുള്ളികൾ ..
നിനക്കന്യമാകുമായിരുന്നില്ലേ ..മാതൃസ്നേഹം ..
വീണ്ടും ഒരമ്മയായി ഞാൻ പുനർജനിക്കാം ..സാന്ത്വനമായി നീ വന്നണയുമെങ്കിൽ ..
ഹർഷ വർദ്ധനും സംവിധായകൻ നൗഷാദിൽ നിന്നും ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ .


രാധാകൃഷ്ണൻ തെരുവത്ത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed