ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായതിലധികവും ഐടി വിദഗ്ധർ


കൊച്ചി: കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തിലെ 41 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ധരാണെന്നും സംഭവവുമായി ബന്ധപ്പെട്ട് 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയുണ്ടായതായി സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡോമും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന പൊലീസിന്റെ പ്രത്യേക വിഭാഗവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ടെന്ന പേരില്‍ രണ്ടാംഘട്ട റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 41 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 326 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ നിന്ന് 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്റര്‍നെറ്റ് ഉപയോഗം വീടുകളില്‍ വര്‍ധിച്ചത് മുതലെടുത്താണ് പ്രതികള്‍ കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കുന്നത്.
ടെലഗ്രാം, വാട്‌സപ് ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ള 400 ഓളം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ സൈബര്‍ ഡോമിന്റെയടക്കം നിരീക്ഷണത്തിലായിരുന്നു. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ അറസ്റ്റ്. പാലക്കാട് 9 പേരും, എറണാകളും റൂറലില്‍ മാത്രം 6 പേരുമാണ് പിടിയിലായത്. നേരത്തെ ഓപ്പറേഷന്‍ പി ഹണ്ടുമായി നടത്തിയ അന്വേഷണത്തില്‍ മലയാളികള്‍ അഡ്മിനുകളായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളടക്കം കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed